
കൊല്ലം: ഓൺലൈൻ തട്ടിപ്പിലൂടെ ചവറ സ്വദേശിയിൽ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചങ്ങരോത്ത് അവടുക്ക എൽ.പി സ്‌കൂളിന് സമീപം മീതലെ കുന്നത്ത് വീട്ടിൽ മുഹമ്മദ് സാലിമാണ് (21) കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായത്.
ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിംഗ് സ്ഥാപനത്തിന്റെ പരസ്യം അയച്ച് വിശ്വസിപ്പിച്ച ശേഷം വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ മാർക്കറ്റ് ഷെയറുകൾ ഉയർന്ന നിലയിലാണെന്നും ഷെയർ ട്രേഡിംഗ് വഴി നൂറ് ശതമാനം ലാഭം ലഭിക്കുമെന്നും അറിയിച്ചു. പിന്നീട് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഐ.പി.ഒ (ഇനിഷ്യൽ പബ്ലിക് ഓഫറിംഗ്) അലോട്ട് ആയിട്ടുണ്ടെന്നും ഷെയർ വാങ്ങിയില്ലെങ്കിൽ ഫണ്ട് ബ്ലോക്കാകുമെന്നും മറ്റും മെസേജിലൂടെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
തട്ടിപ്പിനിരയായെന്ന് ബോദ്ധ്യപ്പെട്ടതോടെ കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കൊല്ലം സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐ നിയാസ്, എസ്.ഐ നന്ദകുമാർ, സി.പി.ഒമാരായ ബിനൂബ് കുമാർ, അബ്ദുൽ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.