 
പത്തനാപുരം: പത്തനാപുരം, പുനലൂർ, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലുൾപ്പെടുന്ന കെ.ഐ.പി കനാലിന്റെ പുറമ്പോക്കിൽ ഭൂമി കൈവശം വച്ചിട്ടുള്ള നിരവധി കുടുംബങ്ങളുണ്ട്. ഇവർക്ക് പട്ടയം വേണമെന്ന ആവശ്യത്തിന് വളരെ കാലപഴക്കമുള്ളതാണ്. വിവിധ താലൂക്കുകളിലായി മൂവായിരത്തോളം കൈവശക്കാർക്കാണ് ഭൂമിയുടെ അവകാശം നൽകേണ്ടത്. ഇതോടൊപ്പം തെന്മല, കുളത്തൂപ്പുഴ വില്ലേജുകളിലെ കെ.ഐ.പി ലേബർ കോളനിയിൽ താമസിക്കുന്ന ആളുകൾക്കും പട്ടയം നൽകാനുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി റവന്യു ജലസേചന വകുപ്പ്
മന്ത്രിമാരുടെ സംയുക്ത യോഗം ചേർന്നു. കൊട്ടാരക്കര, അടൂർ താലൂക്കുകളിൽ ഉൾപ്പെട്ട അപേക്ഷകളും പരിഗണനയിൽ വന്നു.
മുഴുവനാളുകൾക്കും പട്ടയം
പട്ടയം ഇല്ലാത്തതിനാൽ ലൈഫ് മിഷൻ വീടുകൾ പോലും അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരുടെ പട്ടയ അപേക്ഷകൾ പരിഗണിക്കുന്നതിന് കെ.ഐ.പിയുടെ ഭാഗത്ത് നിന്ന് നിരാക്ഷേപ പത്രം ലഭിയ്ക്കണം. കെ.ഐ.പി കനാലിന്റെ പുറമ്പോക്ക് ഭൂമികളിൽ ഭൂരിപക്ഷവും കനാലിന്റെ വികസനത്തിനോ, ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കോ ഉപയോഗിക്കാനാവുന്നതല്ല. കെ.ഐ.പി യുടെ ഭൂമിയിൽ താമസിക്കുന്ന മുഴുവനാളുകൾക്കും പട്ടയം നൽകുന്നതാണ് സർക്കാർ നയമെന്നും വിഷയത്തിൽ പരമാവധി സഹായകരമായ നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു.
സർവ്വേ നടപടികൾക്ക് സ്പെഷ്യൽ ടീം
ജനുവരി 15ന് വിശദമായ റിപ്പോർട്ടുകളോടൊപ്പം യോഗം വിഷയം ചർച്ച ചെയ്യുന്നതിനും തുടർ പ്രവർത്തനങ്ങൾക്ക് കൊല്ലം ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കും. ഇത്തരം ഭൂമികളുടെ കൃത്യമായ വിസ്തീർണ്ണം കണക്കാക്കുന്നതിന് സർവ്വേ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ആയതിനു ഒരു സ്പെഷ്യൽ ടീമിനെ നിയോഗിക്കുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കും. മതിയായ സർവേ ടീമിനെ അനുവദിക്കുന്നതിനും, വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനമെടുത്തു. യോഗത്തിൽ മന്ത്രിമാരായ പി.പ്രസാദ് (റവന്യൂ ), റോഷി അഗസ്റ്റിൻ (ജല സേചനം) കെ.ബി.ഗണേഷ് കുമാർ(ഗതാഗതം), ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.എസ്.എം എൽ എ, റവന്യൂ ജോയിന്റ് കമ്മിഷണർ, കൊല്ലം ജില്ലാ കളക്ടർ, പുനലൂർ ആർ.ഡി.ഒ, പുനലൂർ, പത്തനാപുരം തഹസിൽദാർ, കെ.ഐ.പി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.