കൊട്ടിയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബവീട്ടിൽ മോഷണം നടത്തിയ യുവാക്കൾ പിടിയിൽ. വാളത്തുംഗൽ മിനിഭവനിൽ അരുൺ (18), ചകിരിക്കട സിയാദ് മൻസിലിൽ ഷിംനാസ് (20) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മോഷണം നടന്നത്. കുടുംബ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികളും പഴയ പാത്രങ്ങളുമാണ് മോഷ്ടിച്ചത്. ഈ വീട് രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ സഹോദരപുത്രൻ കേശവ് എസ്.നായർ കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിലെത്തിയപ്പോൾ സംശയാസ്പദമായി രണ്ടുപേരെ മതിൽക്കെട്ടിനുള്ളിൽ കാണുകയായിരുന്നു. കേശവിനെ കണ്ടതോടെ പ്രതികളായ രണ്ട് യുവാക്കളും മതിൽചാടി രക്ഷപ്പെട്ടു. പിടിയിലായ യുവാക്കൾ മുമ്പും ഈ വീട്ടിൽ മോഷണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

കേശവ് ഇരവിപുരം സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീടിന് സമീപത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. രാത്രിയോടെ ഇരുവരെയും പിടികൂടുകയായിരുന്നു. ഇവർ മോഷ്ടിച്ച സാധനങ്ങൾ സമീപത്തെ പറമ്പിൽ നിന്ന് കണ്ടെടുത്തു. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജയേഷ്, എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.