കൊല്ലം: ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സി.പി.എം ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പുതുമുഖങ്ങളെത്തും. ജില്ലാ സെക്രട്ടേറിയറ്റിൽ പുതുതായി രണ്ടുപേർ എത്താനാണ് സാദ്ധ്യത. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും സീനിയറായ ചാത്തന്നൂർ മുൻ ഏരിയാ സെക്രട്ടറി കെ.സേതുമാധവൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സബിദാ ബീഗം, മുൻ ഏരിയാ സെക്രട്ടറിമാരായ എ.എം.ഇക്ബാൽ, എൻ.സന്തോഷ്, എസ്.എൽ.സജികുമാർ എന്നിവരിൽ രണ്ടുപേർ സെക്രട്ടേറിയറ്റിൽ എത്താനാണ് കൂടുതൽ സാദ്ധ്യത. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ നിന്നുള്ള നാല് ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കിയേക്കും. ഈ ഒഴിവിൽ മറ്റുള്ളവരെ ഉൾപ്പെടുത്താനോ ഒഴിവിട്ടേക്കാനോ സാദ്ധ്യതയുണ്ട്.

സമ്മേളനത്തിൽ പങ്കെടുക്കാത്ത മുൻ എം.എൽ.എ ഐഷ പോറ്റിക്ക് പുറമേ 75 വയസ് പ്രായപരിധിയും പ്രവർത്തനത്തിലെ സജീവതയും കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയിൽ നിന്ന് മറ്റ് ഒഴിവാക്കലുകളുമുണ്ടാകും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. ഇതിന് പുറമേ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിലവിൽ ജില്ലാ കമ്മിറ്റിയിൽ ഇല്ലാത്തവരിൽ ഒഴിവ് അനുസരിച്ച് പരിഗണിക്കും.

പ്രവർത്തന റിപ്പോർട്ട് തിരിച്ചുവാങ്ങി

സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്ത പ്രവർത്തന റിപ്പോർട്ട് ഇന്നലെ വൈകിട്ടോടെ എല്ലാവരിൽ നിന്ന് തിരിച്ചുവാങ്ങി. റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്ന സാഹചര്യത്തിലാണ് അസാധാരണമായ നടപടി. പാർട്ടി നേതാക്കളിൽ പലരും പ്രവർത്തന റിപ്പോർട്ട് നിധി പോലെ സൂക്ഷിച്ച് വയ്ക്കുന്നതാണ്.