കൊല്ലം: കേരളത്തിലെ അറ്റോമിക് എനർജി വിനിയോഗം സംബന്ധിച്ച വിഷയങ്ങളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെ കേന്ദ്ര അറ്റോമിക് എനർജി വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയിൽ അഭിനന്ദിച്ചു. ചവറ ഐ.ആർ.ഇയുടെ വികസനം ഘട്ടം ഘട്ടമായി സാദ്ധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ആണവോർജ്ജം സംബന്ധിച്ച് എം.പി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
ഊർജ്ജ ഉത്പാദനത്തിന് അറ്റോമിക് എനർജിയുടെ പ്രാധാന്യം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ഊർജ്ജ ഉത്പാദനം പരമ്പരാഗത രീതിയിൽ നിന്ന് ആണവോർജ്ജത്തിലേക്ക് രാജ്യം മാറുന്നു. കരിമണലിൽ അടങ്ങിയിട്ടുള്ള മോണോസൈറ്റിൽ നിന്നാണ് ആണവോർജ്ജത്തിനാവശ്യമായ യുറേനിയവും തോറിയവും വേർതിരിക്കുന്നത്. കേരളതീരത്ത് സുലഭമായ മോണോസൈറ്റ് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. ആയതിനാൽ കേരളത്തിലെ തീരപ്രദേശത്ത് ലഭിക്കുന്ന മോണോസൈറ്റ് ഉപയോഗിച്ച് ചവറ ഐ.ആർ.ഇയിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് എം.പി ഉന്നയിച്ചത്.