enforce

കൊല്ലം: എക്സൈസിലെ മികച്ച ട്രാക്ക് റെക്കാഡിന് ഉടമയായ പി.എൽ.വിജിലാൽ കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലത്തേക്ക്. കഴിഞ്ഞ നാലര വർഷമായി കരുനാഗപ്പള്ളി എക്സൈസ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടറായിരുന്ന അദ്ദേഹത്തിന് കൊല്ലം എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ഓഫീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലാണ് പുതിയ നിയമനം.

കരുനാഗപ്പള്ളിയിലെ സേവന കാലയളവിൽ പി.എൽ.വിജിലാൽ 334 കേസുകൾ സ്വന്തം നിലയിൽ കണ്ടെത്തി. 272 അബ്കാരി കേസുകളിലായി പതിനായിരം ലിറ്ററിന് അടുത്ത് തൊണ്ടി സാധനങ്ങൾ പിടിച്ചെടുത്തു. 16 വാഹനങ്ങളും പിടിച്ചെടുത്തു. 59 എൻ.ഡി.പി.എസ് കേസുകളിലായി 11 കഞ്ചാവ് ചെടികൾ കണ്ടെടുത്തതിന് പുറമേ മൂന്ന് എം.ഡി.എം.എ കേസുകളുമെടുത്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന് പുറമേയുള്ള ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സേനയിൽ വ്യത്യസ്തനാക്കിയത്. കഴിഞ്ഞ നാലര വർഷത്തിനിടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് മൂവായിരത്തിലേറെ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

കേരള സർവകലാശാലയുടെ നാഷണൽ സർവീസ് സ്കീമുമായി സഹകരിച്ച് മൂന്ന് തവണ വിദ്യാർത്ഥികളുടെ ക്യാമ്പ് കരുനാഗപ്പള്ളിയിലെ എക്സൈസ് ഓഫീസിൽ സംഘടിപ്പിച്ചു. ഈ കാലയളവിൽ വിജിലാലിനെ തേടി എക്സൈസ് വകുപ്പിന്റെയും വിവിധ പ്രസ്ഥാനങ്ങളുടെയും നിരവധി പുരസ്കാരങ്ങൾ തേടിയെത്തി. 2021ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ, 2022, 23 വർഷങ്ങളിൽ എക്സൈസ് കമ്മിഷണറുടെ ബാഡ്ജ് ഒഫ് എക്സലൻസ്, രണ്ട് തവണ കർമ്മ ശ്രേഷ്ഠ പുരസ്കാരം, സംസ്ഥാന മദ്യ വർജ്ജന സമിതി ഏർപ്പെടുത്തിയ കലാമണ്ഡലം ഹൈദരാലി പുരസ്കാരം എന്നിവ അംഗീകാരങ്ങളിൽ ചിലത് മാത്രം. ഈ കലയളവിൽ റോഡ് സുരക്ഷയെക്കുറിച്ചും ലഹരിവസ്തുക്കളെ കുറിച്ചും രണ്ട് പുസ്തകങ്ങളും പുറത്തിറക്കി. ഈ പുസ്തകങ്ങൾ വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കൈമാറിയിരുന്നു.