road

കൊല്ലം: വെള്ളക്കെട്ടും കുഴികളും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതിരുന്ന ചെറുമൂട് ഗ്രന്ഥകൈരളി - തടത്തിൽമുക്ക് റോഡിന് ശാപമോക്ഷം. ഒരാഴ്ച മുമ്പാണ് റോഡിന്റെ നവീകരണ ജോലികൾ ആരംഭിച്ചത്. നിലവിൽ റോഡ് പൂർണമായി പൊളിച്ച് ഒരേനിരപ്പിലാക്കുന്ന ജോലിയാണ് നടക്കുന്നത്.

തുടർന്ന് കോൺക്രീറ്റ് ചെയ്യും. ഈ മാസം അവസാനത്തോടെ റോഡ് പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം.

സ്റ്റാർച്ച്‌ ജംഗ്ഷനിൽ നിന്ന് കൊല്ലം-തേനി ദേശീയപാതയിലും വെള്ളിമൺ റോഡിലും പ്രവേശിക്കുന്ന ഇടറോഡാണിത്. 200 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു.

മഴക്കാലമാകുമ്പോൾ ഇവിടെ ഇരട്ടി ദുരന്തമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. കാൽനടക്കാരും ഇരുചക്ര, മുച്ചക്രവാഹന യാത്രികരും ഒരുപോലെ ഉപയോഗിക്കുന്ന റോ‌ഡ് പെരിനാട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണുള്ളത്. റോഡ് ഉപയോഗിക്കാൻ കഴിയാതിരുന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഈ മാസം അവസാനത്തോടെ റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിന് സ്ലോപ്പ് നൽകി സമീപത്തെ കലുങ്കിലേക്ക് ഒഴുകി പോകുന്നരീതിയിലേക്ക് മാറ്റും.

പി.ജഗന്നാഥൻ, മെ‌മ്പർ, ചെറുമൂട് അഞ്ചാം വാർഡ്

റോഡുപണി തുടങ്ങിയതിൽ ആശ്വാസമുണ്ട്. നിലവിൽ കോൺക്രീറ്റ് ചെയ്യാനായി മെറ്റിൽ നിരത്തി. പണികൾ വേഗം പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണം.

ശിവൻ വേളിക്കാട്, പ്രസിഡന്റ് ,

ചെറുമൂട് ഗ്രന്ഥകൈരളി നഗർ റെസി. അസോ.