കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗൺ ചെളി വെള്ളക്കെട്ടിൽ. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഫ്ലൈ ഓവർ നിർമ്മാണമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്നത്. പൈലിംഗ് നടക്കുമ്പോൾ പുറത്തേക്ക് വരുന്ന ചെളി വെള്ളമാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ തെക്കു ഭാഗത്ത് കെട്ടി നിൽക്കുന്നത്. കാടിപോലെ കുറുകി കിടക്കുന്ന ചെളിവെള്ളം ഒഴുകി പോകാതെ ഇവിടെ തന്നെ കെട്ടി നിൽക്കുകയാണ്. മഴ പെയ്തതോടെ കൂടുതൽ ഭാഗത്തേക്ക് ചെളിവെള്ളം വ്യാപിച്ചു.
ചെളിവെള്ളത്തിലൂടെ യാത്ര
ശാസ്താംകോട്ട ഭാഗത്തു നിന്ന് യാത്രക്കാരുമായി വരുന്ന ബസുകൾ നിറുത്തി യാത്രക്കാരെ ഇറക്കുന്നതും ഇവിടെയാണ്. യാത്രക്കാർ ബസിൽ നിന്ന് കാൽ എടുത്ത് വെയ്ക്കുന്നത് ചെളിവെള്ളത്തിലേക്കാണ് . ഡിപ്പോയിൽ നിന്ന് ബസുകൾ പുറത്തേക്ക് പോകുന്നതും ഇതു വഴിയാണ്. ബസുകൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ചെളിവെള്ളം തെറിച്ച് കാൽനട യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുന്നതും പതിവാണ്. വസ്ത്രങ്ങളിൽ ചെളിവെള്ളം വീഴുമ്പോൾ പലരും യാത്രകൾ മതിയാക്കി തിരികെ പോകും. ഇരു ചക്ര വാഹനക്കാർ വഴുതി വീഴാതെ വളരെ ബുദ്ധിമുട്ടിയാണ് ഇവിടം പിന്നിടുന്നത്. ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്നതും ഈ ഭാഗത്താണ്. ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തേവർകാവ് ശ്രീവിദ്യാധിരാജ കോളേജിലേക്ക് വിദ്യാർത്ഥികൾ ബസ് ഇറങ്ങി നടന്ന് പോകുന്നതും ചെളി വെള്ളക്കെട്ടിലൂടെയാണ്.
- തുടക്കത്തിൽ പൈലുകൾ താഴ്ത്തുമ്പോൾ പുറത്തേക്ക് വരുന്ന ചെളിവെള്ളം സംഭരിക്കാൻ ആഴത്തിൽ കുഴികൾ എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നും ചെയ്യാറില്ല. അതിന്റെയെല്ലാം കെടുതികൾ അനുഭവിക്കേണ്ടി വരുന്നത് കാൽനട യാത്രക്കാരാണ്.
- കൂറ്റൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ആഴത്തിൽ പൈലുകൾ താഴ്ത്തുന്നത്. രാത്രയിലാണ് ഇത്തരം വർക്കുകൾ നടത്തുന്നത്. നേരം പുലരുമ്പോഴേക്കും ജോലികൾ പൂർത്തിയാക്കും. ചെളിവെള്ളം മാത്രമാണ് പിന്നെ അവശേഷിക്കുന്നത്. ഒരു കിലോമീറ്ററിനുള്ളിൽ 30 മീറ്റർ അകലത്തിലാണ് പൈലുകൾ നിർമ്മിക്കുന്നത്.
പൈലുകൾ നിർമ്മിക്കുമ്പോൾ പുറത്തേക്ക് വരുന്ന ചെളിവെള്ളം ദേിയപാതയിലേക്ക് ഒഴുക്കി വിടാതെ സംഭരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.
യാത്രക്കാർ