 
5.7 കോടിയുടെ കെട്ടിടം
17000 ച.വിസ്തീർണം
കൊട്ടാരക്കര: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങിയിട്ട് 14 മാസം. നിർമ്മാണ ജോലികൾ ഇഴഞ്ഞിഴഞ്ഞ്. 5.7 കോടി രൂപയുടെ കെട്ടിടമാണ് നിർമ്മിക്കുന്നത്. 2023 ഒക്ടോബറിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർമ്മാണ ഉദ്ഘാടനം നടത്തിയതാണ്. ഇപ്പോഴും അടിസ്ഥാനത്തിന് മുകളിൽ കമ്പികൾ ഉയർന്ന് നിൽക്കുന്നതിനപ്പുറത്തേക്ക് നിർമ്മാണ ജോലികൾ നടന്നിട്ടില്ല. 17000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഉയരേണ്ടത്. നിലവിൽ ഡയറ്റും ജില്ലാ വിദ്യാഭ്യാസ ഓഫീസുമൊക്കെ പ്രവർത്തിക്കുന്ന വളപ്പിലാണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്. ഒന്നാം നിലയുടെ കോൺക്രീറ്റ് പോലും നടത്താൻ കഴിഞ്ഞിട്ടില്ല.
ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളും ഡയറ്റുമൊക്കെ പരിമിതമായ സൗകര്യങ്ങളുള്ള പഴയ കെട്ടിടങ്ങളിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മെച്ചപ്പെട്ട സൗകര്യങ്ങൾ
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, ഓഫീസ് മുറികൾ, റെക്കാഡ് മുറി, വിവിധ സെക്ഷൻ ഓഫീസുകൾ, ലോബി, ടൊയ്ലറ്റുകൾ എന്നിവയുണ്ടാകും. രണ്ടാം നിലയിൽ
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കാഡ് മുറികൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ മുറി, ഡയറ്റ് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, ടൊയ്ലറ്റ് എന്നിവയും മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ടൊയ്ലറ്റുകൾ എന്നിവയുമാണ് ക്രമീകരിക്കുന്നത്.