കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷന് കീഴിലെ ഫാക്ടറികൾ തുറക്കാത്തത് തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ്. കഴിഞ്ഞമാസം 28ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കശുഅണ്ടി വികസന കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് ഡിസംബർ 10ന് ഫാക്ടറികൾ തുറക്കുമെന്ന് ഉറപ്പ് ലഭിച്ചത്. തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

ഡിസംബർ 31ന് തൊഴിലാളികൾ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം തൊഴിൽ നൽകി 2025 ജനുവരി 1 മുതൽ ഫാക്ടറികൾ അനിശ്ചിതമായി അടച്ചിടാനാണ് നീക്കമെന്ന് സംശയിക്കുന്നു. കശുഅണ്ടി വികസന കോർപ്പറേഷന്റെ കെടുകാര്യസ്ഥത മൂലം തൊഴിലാളികൾക്ക് തുടർച്ചയായി തൊഴിൽ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഇ.എസ്.ഐ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യവുമാണ് ഉള്ളത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് വരും ദിവസങ്ങളിലും തുടർ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളവും കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് ചിതറയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.