
കൊല്ലം: രാജ്യത്ത് മോദി സർക്കാർ നടപ്പാക്കുന്നത് ജനാധിപത്യ - ഭരണഘടന വിരുദ്ധ നയങ്ങളാണെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ.അറിവഴഗൻ പറഞ്ഞു. മിഷൻ - 2025 ഭാഗമായി ഡി.സി.സി യിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കരുണാകരന്റെ ചരമ ദിനമായ ഡിസംബർ 23ന് ലീഡർ സ്മാരക നിർമ്മാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തും. 26ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും. 28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് - വാർഡ് - മണ്ഡലം - ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനും വികസനം ഇല്ലായ്മയ്ക്കും എതിരെ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാംഘട്ടമായി 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. കെ.പി.സി.സി ജന. സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം.നസീർ, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, കെ.സി.രാജൻ, എ.ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.