കൊല്ലം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 4500 വോട്ട് വാങ്ങിയാണ് യു.ഡി.എഫ് ഭൂരിപക്ഷം വർദ്ധിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് മയ്യനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തങ്ങൾ യു.ഡി.എഫിന് പതിനായിരം വോട്ട് നൽകിയെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പത്രസമ്മേളനം നടത്തി പറഞ്ഞു. ഇതിന് പുറമേ ജമാഅത്തെ ഇസ്ലാമിയും വോട്ട് കൊടുത്തു. എന്നിട്ട് എൽ.ഡി.എഫ് സർക്കാരിനെതിരായ ജനവികാരമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഈ നീക്കത്തിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ വർഗീയ കൂട്ടുകെട്ടിലൂടെ ഓരോ നിയമസഭ മണ്ഡലത്തിലും പതിനായിരത്തോളം വോട്ട് യു.ഡി.എഫിന് നൽകി. അങ്ങനെയാണ് കാസർകോട് ഉണ്ണിത്താൻ വരെ ഒരു ലക്ഷം വോട്ടിന് ജയിക്കുന്ന സാഹചര്യം ഉണ്ടായത്. മതനിരപേക്ഷ ഉള്ളടക്കമുള്ള പാർട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലീം ലീഗിന്റെ അണികളെ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും നേതാക്കൾ നയിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നു.
കേരളത്തിൽ സി.പി.എമ്മിന്റെ യഥാർത്ഥ ശത്രു പ്രതിപക്ഷമല്ല. മാദ്ധ്യമങ്ങൾ ഇന്ന് പറയുന്നതാണ് നാളെ വി.ഡി.സതീശനും കെ.സുധാകരനും പറയുന്നത്. ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിടാൻ അരങ്ങേറിയ വിമോചന സമരത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ അരങ്ങേറുന്നത്. വി.ഡി.സതീശൻ അടുത്ത മുഖ്യമന്ത്രിയാകാനുള്ള കുപ്പായം തയ്ച്ചിരിക്കുകയാണ്. അതൊരിക്കലും നടക്കില്ലെന്ന് പറഞ്ഞ് നിൽക്കുവാണ് കെ.സുധാകരൻ. നിങ്ങൾ രണ്ടാളും ഇടേണ്ടെന്ന് പറയുന്നയാളാണ് കെ.സി.വേണുഗോപാൽ. പിന്നെ മുരളീധരൻ. പണ്ടേ ഞാൻ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞുനടക്കുവാണ് രമേശ് ചെന്നിത്തല. ഇങ്ങനെ അഞ്ചാറ് കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വച്ചിട്ടുണ്ട്. മാനം മര്യാദയ്ക്ക് പ്രതിപക്ഷമായി പ്രവർത്തിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നൂറിലധികം സീറ്റ് നേടി എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരും.
മുതലാളിത്ത സമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന പാർട്ടി കേഡർമാരിൽ പണത്തോടുള്ള ആർത്തി കടന്നുവരാം. അത് പാർട്ടി തിരുത്തും. മെരിറ്റും കമ്മ്യൂണിസ്റ്റ് മൂല്യവും അടിസ്ഥാനമാക്കിയേ പാർട്ടിയിൽ സ്ഥാനക്കയറ്റങ്ങൾ നൽകൂ. തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. അതുകൊണ്ടാണ് കരുനാഗപ്പള്ളിയിൽ നിന്ന് ഒരാളെപ്പോലും സി.പി.എം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നത്. നേതാവല്ല, ജനങ്ങളാണ് അവസാന വാക്ക്. വിഭാഗീയതയുടെ നല്ല ക്ഷീണം അനുഭവിച്ച പാർട്ടിയാണ് കേരളത്തിലേത്. എല്ലാ പ്രശ്നങ്ങളും പൂർണമായും പരിഹരിച്ച ശേഷമുള്ള സംസ്ഥാന സമ്മേളനമാണ് കൊല്ലത്ത് നടക്കാൻ പോകുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ജില്ലാ സെക്രട്ടറി എസ്.സുദേവൻ അദ്ധ്യക്ഷനായി. മന്ത്രി കെ.എൻ.ബാലഗോപാൽ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, പി. രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ. വരജരാജൻ, കെ. സോമപ്രസാദ്, എം.എച്ച്. ഷാരിയർ, ചിന്ത ജെറോം തുടങ്ങിയവർ പങ്കെടുത്തു. കൊട്ടിയം ഏരിയാ സെക്രട്ടറി എസ്. ഫത്തഹുദ്ദീൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ ആർ.ബിജു നന്ദിയും പറഞ്ഞു.