
കൊല്ലം: ലഹരി ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കല്ലുംതാഴം ലീന ഭവനത്തിൽ മിഥുനാണ് (21, അച്ചു) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്നതിനിടെ പേരൂർ അമ്പലത്തിന് സമീപമുള്ള ഗ്രൗണ്ടിലിരുന്ന് പ്രതി കഞ്ചാവ് വലിക്കുന്നത് കണ്ട് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപുവിന്റെ കൈവിരൽ ഒടിച്ചു. ഇയാൾക്കെതിരെ ആക്രമിച്ച് ദേഹോപദ്രം ഏൽപ്പിച്ചതിനും കവർച്ച നടത്തിയതിനും കേസുകൾ നിലവിലുണ്ട്. കിളികൊല്ലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സജി, സി.പി.ഒമാരായ ദിലീപ്, ബിജീഷ്, അശോക് ചന്ദ്രൻ, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.