കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രേഖകൾ സഹിതം ഡി.ടി.പി.സി ഓഫീസിന് സമീപത്തെ ഹൗസ് ബോട്ട് ടെർമിനലിൽ സജ്ജീകരിച്ച ഓഫീസിൽ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന വള്ളങ്ങൾ 19നകം രജിസ്റ്റർ ചെയ്യണം. 12 വള്ളങ്ങളാണ് പങ്കെടുക്കുന്നത്. ഇതിൽ കൂടുതൽ വള്ളങ്ങൾ രജിസ്റ്റർ ചെയ്താൽ നറുക്കെടുപ്പിലൂടെ പങ്കെടുക്കേണ്ട വള്ളങ്ങളെ തീരുമാനിക്കും. വെപ്പ് എ ഗ്രേഡ് ഇനത്തിൽ മൂന്ന് വള്ളങ്ങൾ, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തിൽ മൂന്ന് വള്ളങ്ങൾ, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്ന് വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കേനോടി (തറ വള്ളം) മൂന്ന് വള്ളങ്ങൾ എന്നിങ്ങനെയാണ് മത്സരത്തിൽ പങ്കെടുക്കുക. 21ന് തേവള്ളി കൊട്ടാരത്തിന് സമീപത്ത് നിന്നുള്ള സ്റ്റാർട്ടിംഗ് പോയിന്റ് മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ബോട്ട് ജെട്ടി വരെ 1100 മീറ്ററിലാണ് മത്സരം.

വള്ളങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, അനുമതിപത്രം, ആധാർ, ഫോട്ടോ, 200 രൂപയുടെ മുദ്രപ്പത്രം എന്നിവയാണ് രജിസ്‌ട്രേഷന് വേണ്ട രേഖകൾ. എ ഗ്രേഡ് വള്ളങ്ങൾക്ക് 1,000, ബി.ഗ്രേഡ് 750, വനിതാ വിഭാഗം 500 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫോൺ: 9446706939, 9745506451.