കൊല്ലം: കഴിഞ്ഞ ദിവസം അന്തരിച്ച എസ്.എൻ.ഡി.പി യോഗം മുൻ അസി. സെക്രട്ടറിയും സംഘടനാ സെക്രട്ടറിയുമായിരുന്ന പ്രൊഫ. ജി.സത്യന് നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. എഴുകോൺ അമ്പലത്തുംകാല ഈലിയോടുള്ള പ്രൊഫ. ജി. സത്യന്റെ വസതിയായ ഗോവിന്ദ വിലാസത്തിൽ രാവിലെ 11 മുതൽ പൊതുദർശനം ആരംഭിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി കെ.രാജു, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ട് 4 ന് വീട്ടുവളപ്പിൽ സംസ്കാരം നടന്നു.