കൊല്ലം: നൂറുകണക്കിന് യാത്രക്കാരുടെ ആശങ്കയ്ക്ക് വിരാമിട്ട് താംബരം- തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസിന്റെ കാലാവധി ഫെബ്രുവരി 2 വരെ നീട്ടി. സ്പെഷ്യൽ സർവീസിന്റെ കാലാവാധി ഈമാസം 27ന് അവസാനിക്കാനിരിക്കെ നീട്ടുന്നത് സംബന്ധിച്ച റെയിൽവേയുടെ തീരുമാനം വൈകുന്നതിനാൽ യാത്രക്കാർ പ്രതിഷേധത്തിലായിരുന്നു. ഇരുദിശകളിലേക്കും അഞ്ച് വീതം സർവീസാണ് പുതുതായി അനുവദിച്ചത്.

ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസമാണ് താംബരം- തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ്. കിഴക്കൻ മേഖലയിൽ നിന്ന് തമിഴ്നാട്ടിലേക്കും തിരുവനന്തപുരം ഭാഗത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏറെ പ്രയോജനപ്രദമാണ്. സർവീസ് നീട്ടിയത് തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്നവർക്കും ഇവിടെ നിന്ന് പൊങ്കലിന് തമിഴ്നാട്ടിലേക്ക് പോകുന്നവർക്കും ഏറെ ഗുണം ചെയ്യും. കൊല്ലം- ചെങ്കോട്ട പാതയിലെ യാത്രാ ദുരിതം പരിഹരിക്കാൻ ഈ സർവീസ് സ്ഥിരമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

താംബരം- തിരുവനന്തപുരം നോർത്ത് എക്സ്‌പ്രസ് സ്പെഷ്യൽ ട്രെയിനായതിനാൽ യാത്രക്കാരുടെ എണ്ണം, ട്രാക്ക് ഒഴിവ് എന്നിവ കണക്കിലെടുത്തേ സർവീസ് നീട്ടാനാകൂ.

റെയിൽവേ അധികൃതർ