 
കടയ്‌ക്കൽ : ആർക്കും ഉപകരിക്കാതെ ഒരു രൂപയുടെ പോലും വരുമാനമില്ലാതെ പിടിപ്പുകേടിന്റെയും ഉത്തരവാദിത്വമില്ലായ്‌മയുടെയും മൂകസാക്ഷിയായി ചിതറയിലെ തണ്ണീർപന്തൽ. 28 ലക്ഷം മുടക്കി 4 വർഷം മുമ്പ് പൂർത്തിയാക്കിയ തണ്ണീർപന്തൽ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ ജില്ലയിലെ അഞ്ച് പദ്ധതികളിൽ ഒന്നായിരുന്നു. ചിതറ പഞ്ചായത്തിന്റെ സ്ഥലത്തായിരുന്നു നിർമ്മാണം. യാത്രക്കാർക്ക് കുടുംബ സമേതം വിശ്രമിക്കാൻ മുറികൾ, ടോയ്‌ലറ്റ് സൗകര്യം, കഫ്‌റ്റീരിയ , എ.ടി.എം കൗണ്ടർ ഉൾപ്പടെയുള്ള സൗകര്യങ്ങളോടെ ഉദ്‌ഘാടനം ചെയ്‌ത പദ്ധതി ഒരു ദിവസം പോലും തുറന്ന് പ്രവർത്തിച്ചിട്ടില്ല.
എന്തിന് വേണ്ടിയായിരുന്നു ഈ പദ്ധതിയെന്ന് നാട്ടുകാർക്ക് മനസിലാകുന്നില്ല.പാഴാകുന്നത് പൊതുപണമാണ്.
എസ്. വിജയകമാർ
കൃഷ്‌ണഭവൻ
ഐരക്കുഴി
കെട്ടിട നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.നാടിന് വേണ്ടിയുള്ള പദ്ധതി എന്ന സംതൃപ്‌തി നൽകിയ പ്രവൃത്തിയായിരുന്നു.
ആർ. സജീവ്.
പ്രദേശവാസി
ആർക്കും പ്രയോജനമില്ലാത്ത പദ്ധതി. ഈ സ്ഥലവും പണവും വിനിയോഗിച്ച് പൊതുമാർക്കറ്റ് നിർമ്മിച്ചെങ്കിൽ നാടിന് ഗുണമാകുമായിരുന്നു. നാട്ടുകാർ മുൻകൈ എടുത്താണ് മാർക്കറ്റ് നിർമ്മിച്ചത്. ആദ്യം ഇന്റർലോക്കിട്ടു. കുറെ കഴിഞ്ഞ് അതിന് മേൽ മണ്ണിട്ടു. പിന്നെ ടൈൽ പാകി. ഇടയ്‌ക്കിടെ ഉദ്യോഗസ്ഥർ വരും. എന്തെങ്കിലും ചെയ്യും, പോകും. ഒരിക്കൽ നാട്ടുകാർ പ്രതിഷേധിച്ചു. അതിന് ശേഷം അരെയും കണ്ടിട്ടില്ല.
ആർ.നളലോചനൻ
ചാച്ചു സ്‌റ്റോർ ഐരക്കുഴി
ജില്ലാ പഞ്ചായത്ത് മുൻ ഭരണസമിതിയുടെ പദ്ധതിയാണ്. ചുതലയെടുത്തപ്പോൾ മതിൽ ഇടിഞ്ഞ നിലയിലായിരുന്നു. പിന്നീട് അത് നേരെയാക്കി. പദ്ധതി കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് ടെണ്ടർ ചെയ്‌തെങ്കിലും ആരും മുന്നോട്ട് വന്നിട്ടില്ല. അൽപം ഉൾപ്രദേശത്തായെന്ന് അഭിപ്രായം ഉണ്ടെങ്കിലും സാദ്ധ്യതകൾ ഉള്ളതാണ്. ഇപ്പോൾ ജില്ലാ പഞ്ചായത്ത്, ചിതറ പഞ്ചായത്തിന് കൈമാറി. പ്രാദേശികമായ എതിർപ്പുകളും കരാറുകാരെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമായി. ജില്ലാ പഞ്ചായത്ത് ആരംഭിച്ച 5 തണ്ണീർ പദ്ധതികളിൽ മറ്റുള്ളവ മാതൃകാപരമായാണ് പ്രവർത്തിക്കുന്നത്. കരാറുകാർ മുന്നോട്ട് വന്നില്ലെങ്കിൽ പഞ്ചായത്ത് നേരിട്ട് നടത്തുന്നതിന് ഇടപെടലുണ്ടാകും.
ജെ. നജീബത്ത്
ജില്ലാ പഞ്ചായത്ത് ചിതറ
ഡിവിഷൻ അംഗം