
പത്തനാപുരം: ആത്മവിശ്വാസം കൈമുതലാക്കിയാൽ അസാദ്ധ്യമെന്ന് കരുതുന്ന കാര്യങ്ങൾ പലതും സാദ്ധ്യമാകുമെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ്. പത്തനാപുരം ഗാന്ധിഭവൻ അഭയകേന്ദ്രത്തിന്റെ 21ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹജീവി സ്‌നേഹത്തിന്റെ മഹത്തായ മാതൃകയാണ് ഗാന്ധിഭവൻ. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു. ആ സ്‌നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്, അമ്മമാരെ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഓരോ മക്കളും നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യസേവന രംഗത്തെ സംഭാവനകൾക്ക് എസ്.ഐ പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്.എൻ.രഘുചന്ദ്രൻ നായർക്കും കാർഷികമേഖലയിലെ സേവനങ്ങൾക്ക് ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാനും ലേബർ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകനുമായ വി.ജെ.ജോർജ് കുളങ്ങരയ്ക്കും ഗാന്ധിഭവന്റെ 25000 രൂപയും ഫലകവും അടങ്ങുന്ന ദേശീയ അവാർഡ് ഗവർണർ സമ്മാനിച്ചു.
സാംസ്‌കാരിക പ്രവർത്തകനും ഗാന്ധിഭവൻ രക്ഷാധികാരിയുമായ പുനലൂർ കെ.ധർമ്മരാജൻ അദ്ധ്യക്ഷനായി ചടങ്ങിൽ ഗാന്ധിഭവൻ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, കേണൽ എസ്.ഡിന്നി, ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ. ഷാഹിദ കമാൽ എന്നിവർ സംസാരിച്ചു.