കൊല്ലം: മുൻഗണന വിഭാഗത്തിലെ പിങ്ക് (പി.എച്ച്.എച്ച്), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് നടപടികൾ ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോൾ മസ്റ്ററിംഗ് പൂർത്തിയാക്കിയത് 87.18 ശതമാനം പേർ. ജില്ലയിൽ ഇരുവിഭാഗങ്ങളിലായി 1289497 ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് ചെയ്യാനുണ്ടായിരുന്നത്.
ഇതിൽ 1124287 പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. രണ്ടാംഘട്ട മസ്റ്ററിംഗിലും കരുനാഗപ്പള്ളി താലൂക്കാണ് മുന്നിൽ 90.57 ശതമാനം. കുന്നത്തൂർ താലൂക്കാണ് രണ്ടാം സ്ഥാനത്ത്, 87.44 ശതമാനം, കൊല്ലം താലൂക്കാണ് ആറ് താലൂക്കുകളിൽ ഏറ്റവും പിന്നിൽ, 85.86 ശതമാനം.
മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിന്റെ തുടക്കത്തിലും ഇ-പോസ് മെഷീന്റെയും സെർവറിലെ തകരാർ മൂലവും മസ്റ്ററിംഗിന് വേഗം കുറവായിരുന്നു. കേരളത്തിന് പുറത്തുള്ള ഉപഭോക്താക്കളുടെ മസ്റ്ററിംഗ് എങ്ങനെ രേഖപ്പെടുത്തുമെന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും മേരാ ഇ-കെ.വൈ.സി ആപ്പ് സർക്കാർ അവതരിപ്പിച്ചതോടെ ഈ പ്രശ്‌നത്തിനും പരിഹാരമായി. ഈ മാസം 15 വരെയാണ് മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന ദിവസമെങ്കിലും തീയതി നീട്ടാനുള്ള സാദ്ധ്യതയുണ്ട്. ജില്ലയിലെ 1392 റേഷൻ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ സാധിക്കാതിരുന്ന കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്‌കാനറിന്റെ സഹായത്തോടെയുള്ള ക്യാമ്പുകൾ സംഘടിപ്പിച്ച് മസ്റ്ററിംഗ് നടത്തി വരികയാണ്. ഇതിന് പുറമേ മസ്റ്ററിംഗ് കുറവുള്ള താലൂക്കുകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് ജില്ലയിലെ മുൻഗണന കാർഡുകളുടെ മസ്റ്ററിംഗ് നൂറ് ശതമാനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് സിവിൽ സപ്ലൈസ് അധികൃതർ. നീല, വെള്ള കാർഡുടമകൾക്കുള്ള മസ്റ്ററിംഗ് ഇതിന് ശേഷം നടക്കും.
ആപ്പ് ഹിറ്റ്
സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാൻ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയ്യാറാക്കിയ 'മേരാ കെ.വൈ.സി' ആപ്പ് ഹിറ്റ്. ഇതുവരെ 50,000ത്തിലധികം പേരാണ് ആപ്പ് വഴി മസ്റ്ററിംഗ് പൂർത്തിയാക്കിയത്.
ആധാർ അധിഷ്ടിതമായാണ് പ്രവർത്തനം. വിദേശത്തുള്ളവർക്ക് ആപ്പ് ഉപയോഗിച്ച് മസ്റ്ററിംഗ് സാദ്ധ്യമല്ല.
മഞ്ഞ കാർഡുകൾ: 47383
ഗുണഭോക്താക്കൾ: 1.52 ലക്ഷം
മസ്റ്ററിംഗ് പൂർത്തിയാക്കിയത്: 1.33ലക്ഷം
പിങ്ക് കാർഡുകൾ: 3.34 ലക്ഷം
ഗുണഭോക്താക്കൾ: 11.42 ലക്ഷം
മസ്റ്ററിംഗ് പൂർത്തിയാക്കിയത്: 9.90 ലക്ഷം
കേരളത്തിന് പുറത്ത് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ളവരാണ് ആപ്പ് ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തിയവരിലേറെയും. ആധാറിലെ വിവരങ്ങൾ കൃത്യമല്ലെങ്കിൽ മസ്റ്റ്‌റിംഗ് സാധിക്കില്ല.
സിവിൽ സപ്ലൈസ് അധികൃതർ