 
കൊല്ലം: ചതുരംഗക്കളത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി പാറിച്ച ഡി.ഗുകേഷിന്റെ വിജയാഘോഷം കൊല്ലത്തും. സ്കൂളിലും പഴങ്കഞ്ഞിക്കടയിലും ലൈബ്രറിയിലും തെരുവിലുമടക്കം ചെസ് കളിച്ചുകൊണ്ടാണ് ചെസ് പ്രേമികൾ വിജയമധുരം പങ്കിട്ടത്. വെളിയം എൽ.പി.ജി.എസിൽ രാവിലെ ചെസ് ബോർഡുകളുമായെത്തിയ കുട്ടികൾ കളി തുടങ്ങി. ഡി.ഗുഗേഷിന്റെ കഠിന പരിശ്രമം വിജയം കണ്ടതിന്റെ മോട്ടിവേഷൻ ക്ളാസുമുണ്ടായിരുന്നു. കൊട്ടാരക്കര - ഓയൂർ റോഡിലെ നെല്ലിക്കുന്നം വിലങ്ങറ മുഹബത്ത് ഹോട്ടലിൽ രാവിലെ പഴങ്കഞ്ഞി കുടിക്കാനെത്തിയവർക്ക് ചെസ് കളിക്കാനുള്ള സൗകര്യവുമൊരുക്കി. ഇന്റർ നാഷണൽ ചെസ് ആർബിറ്റർ എസ്.ബിജുരാജടക്കമുള്ളവർ ഇവിടെയെത്തിയതും കൗതുകമായി. ചെസ് കളിക്കാൻ അറിയാത്തവർക്ക് കരുനീക്കങ്ങളുടെ ബാലപാഠങ്ങളും ഇവിടെ പകർന്നുനൽകി. കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറിയുടെ നേതൃത്വത്തിൽ ലൈബ്രറി ഹാളിൽ ചെസ് കളി മത്സരം നടത്തി. കായിക താരവും ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയുമായ സുധാകരൻ പള്ളത്തിന്റെ നേതൃത്വത്തിലും ചെസ് കളിയും മധുരം വിതരണവും നടത്തി. കുന്നത്തൂർ ഐവർകാലക്കൂട്ടം കലാ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലും ചെസ് കളിയും പരിശീലനവും സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങൾ, വായനശാലകൾ, സംഘടനകൾ തുടങ്ങി പലയിടങ്ങളും ചെസ് കളിക്കാനും ചെസ് വിശേഷങ്ങൾ ചർച്ച ചെയ്യുവാനും ഇന്നലെ അവസരങ്ങളൊരുക്കി. കൊട്ടാരക്കര ചെസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിലും ചെസ് കളി സംഘടിപ്പിച്ചു. മഴ ഇടവിട്ട് പെയ്തതിന്റെ ബുദ്ധിമുട്ടുകൾ തെരുവിലെ ചെസ് കളിക്കാരെ ബാധിച്ചു. എന്നാലും പതിനെട്ടുകാരനായ ഡി.ഗുകേഷിന്റെ ചരിത്ര വിജയം നാട് ആഘോഷമാക്കുകയായിരുന്നു. ഞായറാഴ്ചയും വിവിധ ഇടങ്ങളിൽ മത്സരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.