photo
കൊട്ടാരക്കര പി.ഡബ്ള്യു.ഡി വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ നാശത്തിലായ മുസാവരി ബംഗ്ളാവ്

കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരക്കരയിലെ പഴയ മുസാവരി ബംഗ്ളാവ് തകർച്ചയിൽ. പൊട്ടിയ ഓടുകൾക്കും കഴുക്കോലിനും മുകളിൽ വിരിച്ച പ്ളാസ്റ്റിക് ഷീറ്റുകളും വിണ്ടുകീറി. മഴവെള്ളം ഭിത്തിയിലും അകത്തുമിറങ്ങി കെട്ടിടം തീർത്തും അപകടാവസ്ഥയിൽ. പൈതൃക സ്മാരകമായി സംരക്ഷിക്കേണ്ട കെട്ടിടമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. നാട്ടിലാകെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളെപ്പറ്റി പരിശോധിച്ച് റിപ്പോർട്ട് കൊടുക്കേണ്ടവരും അറ്റകുറ്റപ്പണി നടത്തുകയോ പുതിയ കെട്ടിടം നിർമ്മിക്കുകയോ ചെയ്യേണ്ടവരും ജോലി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസ് വളപ്പിലാണ് ഈ നാണക്കേടെന്നതാണ് സവിശേഷത. നേരത്തെ റൂറൽ ജില്ലാ പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിനായി മുസാവരി ബംഗ്ളാവ് വിട്ടുനൽകിയിരുന്നു. റൂറൽ പൊലീസിന് സ്വന്തമായി ആസ്ഥാനമായതോടെ ഈ കെട്ടിടം ഉപേക്ഷിച്ചു. പൊതുമരാമത്ത് വകുപ്പിന് വേണ്ടുവോളം ഫണ്ടുണ്ടായിട്ടും ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താറുമില്ല.

ഗാന്ധിജി വിശ്രമിച്ച ബംഗ്ളാവ്

കടലായ്മന മഠം വകയായിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുനൽകാൻ മഹാത്മാ ഗാന്ധിയെത്തിയിരുന്നു. അന്ന് ഗാന്ധിജി വിശ്രമിച്ചത് മുസാവരി ബംഗ്ളാവിലാണ്. 1937 ജനുവരി 21ന് പുലർച്ചെ ഇവിടെ നിന്നും പുറപ്പെട്ട ഗാന്ധിജി കാൽനടയായിട്ടാണ് ക്ഷേത്രത്തിലെത്തിയതും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതും. മുസാവരി ബംഗ്ളാവിനോട് ചേർന്നാണ് പൊതുമരാമത്തുവകുപ്പിന്റെതന്നെ റസ്റ്റ് ഹൗസ്. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാം ഇവിടം സന്ദർശിച്ചിരുന്നു. ഉച്ചയൂണിന് ശേഷമാണ് അന്ന് കലാം മടങ്ങിയത്.