കൊട്ടാരക്കര: കൊട്ടാരക്കരയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് വില്പനക്കാരായ മൂന്നുപേർ പിടിയിൽ. എഴുകോൺ കാക്കക്കോട്ടൂർ സ്വദേശി രാഹുൽ രാജ്(28), തൃക്കണ്ണമംഗൽ മയിലാടുംപാറ റജിൻ ഭവനിൽ റെജിൻ ജോസഫ്(23), ഗാന്ധിമുക്ക് കുന്നുംപുറത്ത് വീട്ടിൽ വൈശാഖ്(25) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തൃക്കണ്ണമംഗൽ തട്ടത്തുപള്ളിയുടെ സമീപത്തുവച്ച് 4.069 ഗ്രാം മെത്താംഫെറ്റാമെനും കഞ്ചാവുമായി ബൈക്കിൽ വരുമ്പോഴാണ് രാഹുൽ രാജിനെ പിടികൂടിയത്. റെജിൻ ജോസഫ് വില്പനക്കായി സൂക്ഷിച്ചിരുന്ന 4.182 ഗ്രാം മെത്താംഫെറ്റാമൈനുമായി വരുമ്പോഴായിരുന്നു എക്സൈസിന്റെ വലയിൽ പെട്ടത്. വൈശാഖിന്റെ പക്കൽ നിന്ന് 8 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വൈശാഖിന് ജാമ്യം ലഭിച്ചു. മറ്റ് രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പക്ടർ കെ.ബി.ബാബു പ്രസാദ്, അസി.എക്സൈസ് ഇൻസ്പക്ടർ എം.ജെ.ഗിരീഷ്, അരുൺ, സിവിൻ സജി ചെറിയാൻ, അരുൺ ബാബു, സൗമ്യ, മുബീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.