
കൊല്ലം: നഗരത്തിലെ തിരക്കേറിയ റോഡായ റെയിൽവേ സ്റ്റേഷൻ - കർബല റോഡിലെ തെരുവ് വിളക്കുകൾ കത്താതായി ആഴ്ചകളായിട്ടും നടപടിയെടുക്കാതെ അധികൃതർ. വൈകിട്ട് ദൂര സ്ഥലങ്ങളിൽ നിന്ന് ജോലി കഴിഞ്ഞ് റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങുന്നവരും കണ്ണനല്ലൂർ, അയത്തിൽ റൂട്ടിലേക്ക് ബസ് കാത്ത് നിൽക്കുന്നവരും റെയിൽവേ ജീവനക്കാർ ക്വാർട്ടേഴ്‌സിലേക്കും പോകുന്ന വഴിയാണ് ഇരുൾ മൂടി കിടക്കുന്നത്.
കോർപ്പറേഷനാണ് തെരുവ് വിളക്കുകളുടെ പരിപാലന ചുമതല. റെയിൽവേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിന് ഇടത് വശത്തുള്ള ബസ് സ്റ്റാൻഡ് മുതൽ ക്യു.എ.സി റോഡിലേക്ക് തിരിയുന്ന ഭാഗം വരെയാണ് തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത്. നിത്യേന ആയിരക്കണക്കിന് പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കടകളിൽ നിന്നുള്ള വെളിച്ചവും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ വെളിച്ചവും മാത്രമാണ് ഏക ആശ്രയം.
രാത്രിയിൽ സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള നിരവധിപേരാണ് സ്‌റ്റേഷന് സമീപത്തെ ബസ് സ്‌റ്റോപ്പിൽ ബസ് കയറാൻ കാത്തുനിൽക്കുന്നത്. ഇരുട്ടത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടുതലാണെന്നും യാത്രക്കാർ പറയുന്നു. റോഡിന് ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഇരുട്ടിൽ കാൽ നടയാത്രക്കാർ നടന്നുപോകുന്നതറിയാതെ അപകടം ഉണ്ടാകാനുള്ള സാദ്ധ്യതയും ഏറെയാണ്. എത്രയും വേഗം റോഡിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തെരുവുനായ ശല്യം രൂക്ഷം 
 ഇരുട്ടത്ത് തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചു
 റോഡരികും നടപ്പാതകളും വിഹാരകേന്ദ്രം
 വെളിച്ചമില്ലാത്തതിനാൽ നടപ്പാതയിൽ കിടക്കുന്ന തെരുവ് നായ്ക്കളെ കാണാനാകില്ല
 യാത്രക്കാരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്നത് സ്ഥിരം കാഴ്ച
 ഇരുചക്ര വാഹനങ്ങൾക്കും ഭീഷണി
രാത്രിയിൽ മൊബൈലിന്റെയും കടകളിലെയും വെളിച്ചത്തിന്റെ ബലത്തിലാണ് റെയിൽവേ സ്‌റ്റേഷനിലെ ബസ് സ്‌റ്റോപ്പിൽ നിൽക്കുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്.
അനു ദേവസ്യ
എൻജിനിയറിംഗ് വിദ്യാർത്ഥിനി