shanu

കൊല്ലം: പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്ന് മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കൊല്ലം വെള്ളിമൺ ഇടക്കര കോളനിയിൽ ഷാനുവാണ് (36) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.

ഷാനു സ്ഥിരമായി മീൻ ഇറക്കുന്ന വള്ളത്തിൽ നിന്ന് മീൻ ഇറക്കാൻ സഹായിക്കാൻ ഒപ്പം കൂടിയ പതിനേഴുകാരനെയാണ് കുത്തി പരിക്കൽപ്പിച്ചത്. തർക്കത്തിനിടെ കുട്ടിയെ ബലമായി ലോക്കർ റൂമിന്റെ പിന്നിൽ കൊണ്ടുപോയി ബിയർ കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ആഴത്തിൽ പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഷാനു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പള്ളിത്തോട്ടം ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ റെനോൾസ്, സാൾട്രസ്, രാജീവ്, എസ്.സി.പി.ഒമാരായ തോമസ്, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.