ccc
കാട്ടാനകൾ കൃഷി നശിപ്പിച്ച നിലയിൽ

തെന്മല : ജനവാസ മേഖലയിൽ നിന്ന് വന്യമൃഗങ്ങളെ അകറ്റി നിറുത്താൻ കിടങ്ങ് നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം വൈകുന്നു. തെന്മല പഞ്ചായത്തിലെ ഇഞ്ചപ്പള്ളി, ചെറുകടവ്,ഓലപ്പാറ മേഖലകളിൽ 5 കിലോമീറ്റർ ദൈർഘ്യത്തിൽ കിടങ്ങ് നിർമ്മിക്കാൻ 39 ലക്ഷത്തിന്റെ കേന്ദ്ര ഫണ്ട് ലഭിച്ചെങ്കിലും പണി തുടങ്ങാനാകാതെ നാട്ടുകാരുടെ ജീവനും കൃഷിക്കും അധികൃതർ വില കൽപ്പിക്കുന്നില്ലെന്ന് ആക്ഷേപം.

കേന്ദ്ര ഫണ്ട്

39 ലക്ഷം

സൗരോർജ വേലികൾ തകർത്തു

പ്രദേശത്തെ സൗരോർജ വേലികൾ ബന്ധിച്ചിരുന്ന തൂണുകളിലേക്ക് കാട്ടാനക്കൂട്ടം മരങ്ങൾ പിഴുതെറിഞ്ഞു വേലിക്കെട്ടുകൾ തകർത്ത സാഹചര്യത്തിലാണ് വലിയ കിടങ്ങുകളെന്ന ആശയം ഉയർന്നത്.

കരാറുണ്ടാക്കി 9 മാസം പിന്നിടുമ്പോഴും പണി ആരംഭിക്കുന്നില്ല. വന്യമൃഗങ്ങളുടെ ശല്ല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തുകാർ സംഘടിച്ചപ്പോൾ വനം ഡെപ്യൂട്ടി റേഞ്ചർ നേരിട്ടെത്തിയാണ് ചെറുകിട വ്യവസായ സ്ഥാപനം കരാർ ഏറ്റെടുത്ത വിവരം അറിയിച്ചത്.

ഒടുവിലത്തെ സർവേ പ്രകാരം തെന്മല പഞ്ചായത്തിൽ 250 ഓളം ആനകൾ ഉണ്ടെന്നാണ് കണക്ക്.കഴിഞ്ഞ ദിവസം കുട്ടികൾ ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ പാഞ്ഞടുത്തു. ഭാഗ്യത്തിന് ആർക്കും ജീവഹാനി സംഭവിച്ചില്ല. ചിലർക്ക് വീഴ്‌ച്ചയിൽ പരിക്കേറ്റു. പുനരധിവാസ പാക്കേജ് പ്രകാരം വനമേഖലയിൽ നിന്ന് ഒഴിയാത്തവരോട് വൈരാഗ്യ ബുദ്ധിയോടെ വനം വകുപ്പ് പെരുമാറുന്നതിന്റെ ഭാഗമായാണ് പണി വൈകിപ്പിക്കുന്നത്.

സനൽകുമാർ

സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ,

ചെറുകടവ് വാ‌ർഡ് വികസന സമിതി പ്രസിഡന്റ്

വന്യമൃഗ ഭീതിയുടെ കാഠിന്യം അറിഞ്ഞിട്ടും വനം വകുപ്പ് പണി വച്ചു താമസിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. സ്‌കൂൾ കുട്ടികളുടെ വാഹനങ്ങൾക്ക് നേരെ പലപ്പോഴും കാട്ടാന തിരിഞ്ഞിട്ടുണ്ട്. അടിയന്തര നടപടി ഉണ്ടാകണം.

സി. ചെല്ലപ്പൻ

ഒന്നാം വാർഡ് മെമ്പർ.