bus

പൊളിച്ചിട്ട് 3 മാസം

കൊല്ലം: ഹൈസ്കൂൾ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി കാത്തുനിന്ന് വലഞ്ഞ് യാത്രക്കാർ. പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി മൂന്നുമാസം മുമ്പാണ് പൊളിച്ചു നീക്കിയത്. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനായി ആളുകൾ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്. വിദ്യാർത്ഥികളടക്കം നിരവധിപേരാണ് ഇതോടെ വെയിലും മഴയുമേറ്റ് നിൽക്കേണ്ടിവരുന്നത്. വൈകാതെ നിർമ്മാണം ആരംഭിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നുണ്ടെങ്കിലും കാത്തിരിപ്പ് നീളുകയാണ്.

മഴയും വെയിലുമുള്ളപ്പോൾ സമീപത്തെ കാൽനട മേൽപ്പാലത്തിനടിയിലാണ് യാത്രക്കാർ അഭയം തേടുന്നത്. പ്രായമായവർ ഉൾപ്പടെ ഇരിപ്പിടം ഇല്ലാത്തതിനാൽ സമീപത്തെ കടത്തിണ്ണയിലാണ് ഇരിക്കുന്നത്. ഇവിടെ മുമ്പുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം മേൽക്കൂര അടക്കം പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇതേ തുടർന്നാണ് പൊളിച്ച് മാറ്റിയത്.

ഹൈടെക്ക് കാത്തിരിപ്പ് കേന്ദ്രമാണ് നിർമ്മിക്കുന്നതെന്ന് കോർപ്പറേഷൻ അധികൃതർ പറയുമ്പോഴും എത്രയും വേഗം നിർമ്മാണം ആരംഭിച്ച് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

മഴയത്തും വെയിലത്തും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. പ്രായമായവർ നിന്ന് കുഴഞ്ഞു. എത്രയും വേഗം പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം.

ജാനകി, യാത്രക്കാരി

ഹൈസ്കൂൾ ജംഗ്ഷനിലേത് അടക്കം എട്ടോളം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഹൈടെക്കായി നവീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. നടപടികൾ പുരോഗമിക്കുകയാണ് . വൈകാതെ നിർമ്മാണം തുടങ്ങും.

കൊല്ലം മധു, ഡെപ്യൂട്ടി മേയർ