കൊല്ലം: ജില്ലയിലെ മിക്കയിടങ്ങളും ഇന്നലെ ഉച്ചവരെ ശക്തമായ മഴയിൽ മുങ്ങി. കിഴക്കൻ മേഖലയിലാണ് മഴ കൂടുതൽ ലഭിച്ചത്. ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായി. ആര്യങ്കാവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ജലപാതങ്ങളും അരുവികളും നിറഞ്ഞതോടെ സഞ്ചാരികളെ വിലക്കി.
തെന്മല ഇക്കോ ടൂറിസം കേന്ദ്രം, ആര്യങ്കാവ് പാലരുവി, കല്ലാർ, മങ്കയം ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ആര്യങ്കാവ്, തെന്മല വില്ലേജുകളുടെ പരിധിയിൽ ഏതാനും വീടുകളിലും കടകളിലും വെള്ളം കയറി. പുളിയറ ചെക്ക് പോസ്റ്റിൽ വെള്ളം കയറിയതിനെ തുടർന്ന് കോട്ടവാസൽ ഭാഗത്ത് വാഹനങ്ങൾ തടഞ്ഞ് തിരിച്ചുവിട്ടു. വൈകിട്ട് 4 വരെ ഇത്തിക്കര, പള്ളിക്കൽ, കല്ലട നദികളിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിന് താഴെയാണ്.
മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയർന്നതോടെ തെന്മല ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. ആദ്യം പത്ത് സെന്റി മീറ്റർ ഉയർത്തി. വൈകിട്ട് 4.30 ഓടെ ജലനിരപ്പ് 115.39 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ 35 സെന്റി മീറ്റർ വരെ ഉയർത്തി. താഴ്ന്ന പ്രദേശങ്ങളിൽ ചെറിയതോതിൽ വെള്ളം കയറിയെങ്കിലും നിലവിൽ ക്യാമ്പ് തുടങ്ങേണ്ട സാഹചര്യമില്ല. മറ്റ് അനിഷ്ടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജാഗ്രത പാലിക്കണം
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
അപകട മേഖലയിൽ താമസിക്കുന്നവർ മാറി താമസിക്കണം
മലയോരമേഖലയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തണം
ബീച്ചുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണം
ജലാശയങ്ങൾക്ക് ചുറ്റും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്
മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം
ഇന്നലെ ലഭിച്ചമഴ
ആര്യങ്കാവ്: 24 മില്ലി മീറ്റർ
കൊല്ലം: 3 മില്ലി മീറ്റർ
പുനലൂർ: 17.4 മില്ലി മീറ്റർ
വിളിക്കേണ്ട നമ്പർ
വൈദ്യുതി ലൈൻ അപകടം- 1056
കളക്ടറേറ്റ് കൺട്രോൾ റൂം -1077, 0474-2794002, 2794004, 9447677800
കെ.എസ്.ഇ.ബി കൺട്രോൾ റൂം - 1912
താലൂക്ക് കൺട്രോൾ റൂം
കൊല്ലം : 0474-2742116, 9447194116
കരുനാഗപ്പള്ളി : 0476-2620223, 9497135022
കുന്നത്തൂർ : 0476-2830345 , 9447170345
കൊട്ടാരക്കര : 0474-2454623, 9447184623
പത്തനാപുരം : 0475-2350090 , 9447191605
പുനലൂർ : 0475-2222605, 8547618456