photo
തകർന്നുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന് സമീപത്തെ ചിറ

അഞ്ചൽ : പൊലിക്കോട്- തടിക്കാട് റോഡിനോട് ചേർന്നുള്ള അറയ്ക്കൽ ദേവിക്ഷേത്രത്തിന് സമീപത്തെ ചിറയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതകർന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്നാണ് ഇടിഞ്ഞത്. നിത്യേന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡ് പുനർനിർമ്മാണത്തിന്റെ ഭാഗമായി ചിറയോട് ചേർന്ന റോഡ് ഭാഗം സൈഡ് കെട്ടി ഉയർത്തുന്നതിന് നടപടിയെടുത്തിരുന്നു.എന്നാൽ പ്രദേശവാസികളായ ചിലർ ചിറ ഇറിഗേഷൻ വകുപ്പിന്റേതാണെന്നും ഏലായിലെ കൃഷി തടസപ്പെടുമെന്നുള്ള തടസവാദങ്ങൾ ഉന്നയിച്ച് പണി തടസപ്പെടുത്തുകയാണുണ്ടായത്. ഇതേത്തുടർന്ന് റോഡ് പണിയുടെ കരാറുകാർ പിൻവാങ്ങുകയായിരുന്നു.
2023-ൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ചിറയോട് ചേർന്ന റോഡിന്റെ ഭാഗം നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചുവെങ്കിലും വീണ്ടും നാട്ടുകാരിൽ ചിലരുടെ തടസവാദമുണ്ടായതിനെത്തുടർന്ന് പ്രോജക്ട് നടപ്പാക്കാനായില്ല. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കുന്നതിനായി ഇവിടെ നാട്ടുകാർ ടാർ വീപ്പകളും കാട്ടുകല്ലുകളും കൊണ്ട് അപകട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് . ഇവിടം അപകടരഹിതമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.