കരുനാഗപ്പള്ളി : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. തഴവ, മണപ്പള്ളി തിരുവോണത്തിൽ അഖിൽദേവ് (29) ആണ് പിടിയിലായത്. 4ന് രാത്രി 10 മണിയോടെ അഴകിയകാവിന് സമീപം നിൽക്കുകയായിരുന്ന യുവാവിനെ അഖിൽ അടക്കമുള്ള പ്രതികൾ വാഹനത്തിലെത്തി അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. വടികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ മുഖത്ത് പരിക്കേൽക്കുകയും പല്ല് ഇളകിപ്പോവുകയും ചെയ്തു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തൽ പ്രതികൾക്കെതിരെ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിലായിരുന്ന അഖിലിനെ പിടികൂടുകയുമായിരുന്നു. മറ്റുപ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, കണ്ണൻ, ഷാജിമോൻ എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്കുമാർ, ബീന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.