പന്മന: തിരുവനന്തപുരം ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ (ഹിൻസർ) ആഭിമുഖ്യത്തിൽ പന്മന ആശ്രമത്തിൽ വെച്ച് നടന്ന മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചതിന്റെ 438 - ാം വാർഷിക ദിനാഘോഷം വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർത്ഥപാദർ ഉദ്ഘാടനം ചെയ്തു. പൻമന ആശ്രമം സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാമി നിത്യ സ്വരൂപാനന്ദ, ബ്രഹ്മചാരിണീ ദർശികാ ചൈതന്യ , ഊരൂട്ടുകാല വേലായുധൻ നായർ , പ്രൊഫ.ടി.പത്മകുമാരി, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, ഡോ.കെ.പി. വിജയലക്ഷമി എന്നിവർ സംസാരിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ശോഭയാത്രയും സമ്പൂർണ നാരായണീയ പാരായണവും നാരായണീയദിന ദേശീയ പുരസ്കാര സമർപ്പണവും തമിഴിലും മലയാളത്തിലും ആരംഭിക്കുന്ന ഓൺലൈൻ നാരായണീയ പഠന ഗ്രൂപ്പുകളുടെ ഉദ്ഘാടനവും സംസ്കൃതം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി കെ. ഹരിദാസ്ജി രചിച്ച നാരായണീയ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മവും പന്മന ആശ്രമത്തിൽ വച്ച് നടന്ന ഈ സമ്മേളനത്തിൽ സംഘടിപ്പിച്ചു. പന്മന വിദ്യാധിരാജ സത്സംഗ സമിതി സമ്മേളനത്തിന് നേതൃത്വം നൽകി.