കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിലെ പുലമൺ 8ാം വാർഡിലെ തെരുവു വിളക്കുകൾ കത്തുന്നില്ല. പ്രദേശവാസികൾ ദുരിതത്തിൽ. മാസങ്ങളായി ഇവിടെ തെരുവു വിളക്കുകൾ കത്താറില്ല. അടിയന്തരമായി തെരുവുവിളക്കുകൾ കത്തിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും റെയിൻബോ റസിഡൻസ് അസോസിയേഷനും ബന്ധപ്പെട്ടവർക്ക് നിരന്തരം നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ക്രിസ്മസ് കാലമായതോടെ പ്രദേശത്തുള്ള അഞ്ചു ക്രിസ്ത്യൻ പള്ളികളിൽ നിന്ന് രാത്രികാലങ്ങളിൽ കരോൾ
സംഘങ്ങൾ പുറപ്പെടുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറോളം വരുന്ന സംഘമാണ് കരോളിനിറങ്ങുന്നത്. രാത്രി ആറര മുതൽ എട്ടരവരെയാണ് കരോൾ സംഘം ഇറങ്ങുന്നത്. തെരുവു വിളക്കുകൾ പ്രകാശിക്കാത്തതിനാൽ കുരിരുട്ടിൽ തപ്പിതടഞ്ഞാണ് സംഘം പോകുന്നത്. സമീപത്തെ ഭരണിക്കാവ് ക്ഷേത്രത്തിൽ ഇരുമുടി
കെട്ടൊരുക്കുന്നതിനയി എത്തുന്ന അയ്യപ്പ ഭക്തരും ബുദ്ധിമുട്ടുന്നു. തെരുവു നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും പെരുകിയതിനാൽ തെരുവു വിളക്കില്ലാതെ ഇതുവഴി യാത്ര ചെയ്യാൻ കഴിയുന്നില്ല. എത്രയും വേഗം തെരുവു വിളക്കുകൾ സ്ഥാപിക്കാൻ മൈലം പഞ്ചായത്ത് അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.