കൊല്ലം: ചാമ്പക്കടവ് വടക്കുംതലയിൽ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ആതുരാലയമായ കരുനാഗപ്പള്ളി മെഡിക്കൽ സെന്റർ നൂറുകണക്കിനുപേർ പങ്കെടുത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നാടിന് സമർപ്പിച്ചു.
മെഡിക്കൽ സെന്ററിൽ നിന്ന് ചവറ, കരുനാഗപ്പള്ളി പ്രദേശങ്ങളിൽ മരുന്നുകൾ എത്തിക്കാനും ലാബിലേക്കുള്ള സാമ്പിളുകൾ ശേഖരിക്കാനുമുള്ള വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി.ആർ.മേഹഷ് എം.എൽ.എ നിർവഹിച്ചു. ആശുപത്രിയിലെ ഫാർമസി ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മെഡിക്കൽ സെന്ററിന്റെ പ്രിവിലേജ് കാർഡ് ചടങ്ങിൽ പ്രകാശനം ചെയ്തു. സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണവും നടന്നു. പഞ്ചായത്ത് അംഗം അൻസാർ, വടക്കുംതല ജമാഅത്ത് പ്രസിഡന്റ് മനാഫ് കനാവിള, ആർ.പി ഇന്ത്യ ഹെൽത്ത് കെയർ ഡയറക്ടർ ഡോ. വി.വി.മനോജ് കുമാർ, കരുനാഗപ്പള്ളി മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. മുഹമ്മദ് തൗഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.
കരുനാഗപ്പള്ളി മെഡിക്കൽ സെന്ററിൽ ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി, ഓർത്തോപീഡിക്സ് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ്, പീഡിയാട്രിക്സ്, പൾമണോളജി, ജനറൽ മെഡിസിൻ ആൻഡ് ഡയബെറ്റോളജി എന്നീ വിഭാഗങ്ങളിൽ മികച്ച ചികിത്സ ലഭ്യമാണ്. 16 മുതൽ 31 വരെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. തുടർ ചികിത്സയുടെ വിവിധ പരിശോധനകൾക്ക് 20 മുതൽ 30 ശതമാനം വരെ ഇളവ് ലഭിക്കും. മെഡിക്കൽ ക്യാമ്പിൽ ഡോക്ടർമാരുടെ സേവനം രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ ലഭ്യമാണ്.