കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മാർക്കറ്റിൽ ഗതാഗത കുരുക്ക് പതിവായി . ട്രാഫിക് പരിഷ്ക്കരണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവമാണ് കുരുക്കിന് കാരണമെന്ന് പരാതി ഉയരുന്നു. മാർക്കറ്റിനുള്ളിൽ വലുതും ചെറുതുമായ നൂറുകണക്കിന് കടകളാണുള്ളത്. രാവിലെ 8ന് സജീവമാകുന്ന മാർക്കറ്റിൽ രാത്രിയോടെയാണ് തിരക്കൊഴിയുന്നത്. ശാസ്താംകോട്ട റോഡിന്റെയും കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പോകുന്ന റോഡിന്റെയും ഇരു വശങ്ങളിലുമാണ് കടകൾ പ്രവർത്തിക്കുന്നത്.
രാവിലെ മുതൽ തിക്കിത്തിരക്ക്
ആയിരക്കണക്കിന് ആളുകളാണ് ദിവസവും സാധനങ്ങൾ എടുക്കുന്നതിനായി മൊത്ത വ്യാപാര കടകളിൽ എത്തുന്നത്. ഇതിൽ ഭൂരിപക്ഷം കച്ചവടക്കാരും വാഹനങ്ങളിലാണ് എത്തുന്നത്. എല്ലാ വാഹനങ്ങളെയും ഉൾക്കൊള്ളാനുള്ള സൗകര്യം മാർക്കറ്റിനില്ല. സാധനങ്ങളും കയറ്റി തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികൾ രാത്രിയിൽ തന്നെ മാർക്കറ്റിൽ എത്തിച്ചേരും. രാവിലെ മുതൽ കടകളിലേക്ക് ലോറികളിൽ നിന്ന് സാധനങ്ങൾ ഇറക്കി തുടങ്ങും.
വില്ലനായി സ്ഥലപരിമിതി
കരുനാഗപ്പള്ളിയിൽ നിന്ന് കിഴക്കൻ മേഖലകളിലേക്കുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്ന് പോകുന്നതും മാർക്കറ്റിനുള്ളിലൂടെയാണ്. ശാസ്താംകോട്ട ഭാഗത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ മാർക്കറ്റിൽ എത്തി കെ.എ സ്.ആർ.ടി. സി ഡിപ്പോയിലേക്ക് പോകുന്ന റോഡ് വഴിയാണ് ദേശീയപാതയിൽ എത്തേണ്ടത്.
പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് കടക്കുന്ന സ്ഥലത്ത് സ്ഥലപരിമിതി ഉള്ളതാണ് ഗതാഗതകുരുക്കിന് പ്രധാന കാരണം. റോഡിന്റെ വക്കിൽ ആഴത്തിൽ കുഴി ഉള്ളതിനാൽ വലിയ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇവിടെ തിരിക്കേണ്ടി വരുന്നത്. ഈ സമയത്തായിരിക്കും ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ കടക്കുന്നത്. ഇതും ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നു.
റോഡരികിൽ രൂപപ്പെട്ട കുഴി മെറ്റിലും ഗ്രാവലും ഇട്ട് നികത്തിയാൽ വാഹനങ്ങൾ അനായാസം തിരിക്കാൻ കഴിയും. ഇതോടൊപ്പം ഗതാഗത കരുക്ക് അനുഭവപ്പെടുന്ന മാർക്കറ്റിൽ ഹോം ഗാർഡിന്റെ സേവനം ലഭ്യമാക്കിയാൽ നിലവിലുള്ള പ്രശ്നത്തിന് ശ്വാശത പരിഹാരമാകും.വ്യാപാരികൾ