കൊല്ലം: 21ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥമുള്ള കായിക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കബഡി, ഫുട്ബാൾ, വടംവലി, ബോക്‌സിംഗ്, കരാട്ടെ മത്സരങ്ങളും 500 ൽപ്പരം പേർ പങ്കെടുക്കുന്ന പട്ടം പറപ്പിക്കൽ മത്സരവും നടത്താൻ വള്ളംകളി സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ എക്‌സ്.ഏണസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട് ജില്ലയിലെ പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്ന കബഡി മത്സരം നടക്കും. നാളെ വൈകിട്ട് 4ന് ചിന്നക്കട ബസ്‌ബേയിൽ വനിതകൾക്കും പുരുഷന്മാർക്കുമുള്ള ബോക്‌സിംഗ് കരാട്ടെ മത്സരങ്ങൾ നടക്കും.
18, 19 തീയതികളിൽ ആശ്രമം മൈതാനത്ത് എം.പി, എം.എൽ.എ, കളക്ടർ, എന്നിവരുടെ ടീമുകളും പ്രസ്‌ക്ലബ്, സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുന്ന ഫുട്‌ബോൾ മത്സരവും നടക്കും. 20ന് നടക്കുന്ന വടംവലി മത്സരത്തിൽ പൊലീസ് ടീം ഫയർഫോഴ്‌സ് ടീമിനെ നേരിടും. തുടർന്ന് വനിതകളുടെ വടംവലി മത്സരം. 20ന് ബീച്ചിൽ പട്ടം പറപ്പിക്കൽ മത്സരം നടക്കുമെന്ന് എക്‌സ്.ഏണസ്റ്റ്, കൺവീനർ രാധാകൃഷ്ണൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.