
പെരുമ്പുഴ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ശിവഗിരി തീർത്ഥാടന പദയാത്ര വിളംബര സമ്മേളനം നടത്തി. കുണ്ടറ പെരുമ്പുഴയിൽ നടന്ന സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആത്മീയതയ്ക്കും തത്വചിന്തയ്ക്കും മാനവിക മുഖം നൽകിയ ആചാര്യനാണ് ശ്രീനാരായണ ഗുരുദേവനെന്ന് അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കർമ്മയോഗം കൊണ്ട് ഗുരു നവീകരിച്ചു. ഭൗതികവും ആത്മീയവുമായ നീതി എല്ലാവർക്കും ലഭിക്കണമെന്ന നിർബന്ധം ഗുരുവിന് ഉണ്ടായിരുന്നുവെന്നും ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനാണ് ശ്രീനാരായണ ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനായി.
ഗുരുദേവ ഭക്തയായ പെരുമ്പുഴ ഷീല ഭവനിൽ കെ.സത്യവതി അനുസ്മരണം ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി നടത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പ് രോഗികൾക്കുള്ള മരുന്നുകൾ സേവാഭാരതിക്ക് കൈമാറി. നാല് കിടപ്പ് രോഗികൾക്ക് പ്രതിമാസം 500 രൂപ വച്ച് ഒരുവർഷത്തെ തുക ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി കൈമാറി. സെക്രട്ടറി ബി.സ്വാമിനാഥൻ, മാതാ ഗുരുപ്രിയ, ശാന്തിനി കുമാരൻ, കാഷ്യു കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം ബി.സുജീന്ദ്രൻ, സേവാഭാരതി ഇളമ്പള്ളൂർ പ്രസിഡന്റ് കലാധരൻപിള്ള, ജി.സുധർമ്മൻ, ജി.ലാലു, ജി.മോഹനൻ, എസ്.ഗീത, എസ്.ഷീല, കവി ഉണ്ണി പുത്തൂർ, ശോഭന ആനക്കോട്ടൂർ, വാർഡ് മെമ്പർ അനിൽകുമാർ, സുശീല മുരളീധരൻ എന്നിവർ സംസാരിച്ചു. ഞെക്കാട് ഹരികുമാർ, എം.ആർ.ജിജി, ടി.സനൽ എന്നിവരുടെ ഗുരുദേവ ഗാനാലാപനവും ഉണ്ടായിരുന്നു.