കൊല്ലം: മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ ധനു കുരുതി ഉത്സവം ഇന്നും നാളെയുമായി നടക്കും. ഇന്ന് രാവിലെ 9ന് പറയെഴുന്നെള്ളത്ത്. ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട് ഒറ്റപ്പനമൂട്, വെള്ളയിട്ടമ്പലം, ഇലങ്കത്ത്, മനയിൽകുളങ്ങര, തിരുമുല്ലവാരം ക്ഷേത്രം വഴി ആനക്കോട്ടൂർ ക്ഷേത്രം, വിഷ്ണത്തുകാവ്, പുന്നത്തല, കൈക്കുളങ്ങര, അഞ്ചുകല്ലുംമൂട്, കാവൽ, ആൽത്തറമൂട്, ചിറ്റടീശ്വരം ക്ഷേത്രം വഴി, പുതിയകാവ് ക്ഷേത്ര സന്നിധിയിൽ എത്തി രാത്രി 8ന് ഇറക്കി പൂജ നടത്തും.
നാളെ രാവിലെ 9ന് പുതിയകാവ് ക്ഷേത്രത്തിൽ പതിവ് കുരുതി നടത്തി എഴുന്നെള്ളിച്ച് ചിന്നക്കട, വടയാറ്റുകോട്ട, ചാമക്കട, പൈമേലിക്കാവ്, ലക്ഷ്മിനട, കോട്ടയ്ക്കകം, ഓലയിൽ, തേവള്ളി വഴി ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെത്തും. അവിടെ നിന്ന് ചെണ്ടമേളം, തീവെട്ടി എന്നിവയുടെ അകമ്പടിയോടെ കാങ്കത്ത്മുക്ക്, മുളങ്കാടകം, നെല്ലിമുക്ക്, പാണന്റയ്യം, ചെഞ്ചേരിവയൽ വഴി ക്ഷേത്രസന്നിധിയിലെത്തി ചടങ്ങുകൾക്ക് ശേഷം കുരുതി നടത്തും. ഭക്തജനങ്ങൾക്ക് പറ വയ്ക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് ജെ.ശിവപ്രസാദ്, സെക്രട്ടറി ജി.വിജയൻ ഇഞ്ചവിള എന്നിവർ അറിയിച്ചു.