
കൊല്ലം: ഇരുളകലാതെ ഹൈസ്കൂൾ ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് കുണ്ടറ, പെരുമൺ, അഞ്ചാലുംമൂട്, പനയം, പ്രാക്കുളം ഭാഗങ്ങളിലേക്ക് പോകാനായി ജനം ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മാസങ്ങളായി ഇരുട്ടിലായത്.
സന്ധ്യകഴിഞ്ഞാൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. വിദ്യാർത്ഥികൾക്ക് ഭീഷണിയും ഭീതിയുമായി മാറുകയാണ് ഇവിടം. കൂരിരുട്ടിലായ കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് ആളിരിക്കുന്നത് പുറത്തു നിൽക്കുന്നവർക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിലും ഇവിടെ തിരക്കിന് കുറവില്ല. ഇരുട്ടായതിനാൽ യാത്രക്കാർ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുറത്ത് ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഇരുട്ടകറ്റാൻ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
വാഹനങ്ങളുടെ വെളിച്ചം ആശ്രയം
കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ തെരുവുവിളക്ക് പണിമുടക്കിയാൽ ദുരിതം ഇരട്ടിയാകും. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് പിന്നെ യാത്രക്കാർക്ക് ഏകആശ്രയം. തെരുവുനായ ശല്യവും ഈ ഭാഗത്ത് രൂക്ഷമാണ്. കോപ്പറേഷനാണ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികളുടെ ചുമതല. എം.മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
വെളിച്ചം ഇല്ലാത്തതുകൊണ്ട് പേടിച്ചാണ് ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം.
അഖില , യാത്രക്കാരി
കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ വെളിച്ചം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
കോർപ്പറേഷൻ അധികൃതർ