sahn

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തോട്ടുമുക്ക് പാറയിൽ വീട്ടിൽ നിന്ന് മുണ്ടയ്ക്കൽ ബീച്ച് നഗർ 58ൽ താമസിക്കുന്ന ഷാനവാസാണ് (39) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

പത്താം ക്ലാസ് വിദ്യാർത്ഥിനി ട്യൂഷന് പോകാത്തതിന് സഹോദരൻ വഴക്ക് പറഞ്ഞതിൽ പിണങ്ങി വീട്ടിൽ നിന്നിറങ്ങി കൊല്ലം ബീച്ചിലെത്തി. മൊബൈൽ വാങ്ങാനായി ഓട്ടോ ഡ്രൈവറോട് പെൺകുട്ടി സഹായം ചോദിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ പെൺകുട്ടിയെ കയറ്റി സമീപത്തെ മൊബൈൽ കടയിൽ നിന്ന് ഫോൺ വാങ്ങി നൽകിയ ശേഷം സിം ആക്ടീവാകാൻ താമസം ഉണ്ടെന്നും അതുവരെ ആശ്രാമം മൈതാനത്ത് വിശ്രമിക്കാമെന്നും പറഞ്ഞ് ഷാനവാസ് പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി. തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി പ്രതിരോധിച്ചതോടെ ഷാനവാസ് പീഡന ശ്രമം ഉപേക്ഷിച്ച് കുട്ടിയെ തിരികെ ബീച്ചിലെത്തിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്ന് വിവരം ലഭിച്ച ഈസ്റ്റ് പൊലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷബ്ന, സി.പി.ഒമാരായ സ്വാതി, അജയകുമാർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.