
കൊല്ലം: ആശ്രാമം മൈതാനത്തിന് ചുറ്രും ആശങ്കയുടെ നിഴൽ വീഴ്ത്തി ഉണങ്ങിയ മരങ്ങൾ. ഉണങ്ങി കേടുവന്ന നിരവധി മരങ്ങളാണ് കാൽനട യാത്രക്കാർക്കും മൈതാനത്ത് വിശ്രമിക്കാൻ എത്തുന്നവർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നത്. സ്ഥിരമായി മേളകൾ നടക്കുന്ന മൈതാനത്ത് പ്രദർശനങ്ങൾ കാണാനും വ്യായാമത്തിനും പ്രഭാത-സായാഹ്ന സവാരിക്കും ഡ്രൈവിംഗ് പരിശീലനത്തിനും മറ്റുമായി നിരവധി പേരാണ് എത്തുന്നത്.
മൈതാനത്തെ നടപ്പാതയിൽ മരച്ചുവടുകൾക്കരിൽ ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലാണ് ആളുകൾ വിശ്രമിക്കുന്നത്. ഉണങ്ങിയ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുന്നത് പതിവാണ്. കഴിഞ്ഞ ജൂണിൽ നടപ്പാതയ്ക്ക് സമീപം വിശ്രമിക്കുകയായിരുന്നവരുടെ ഇടയിലേക്ക് കൂറ്റൻ അക്വേഷ്യ മരം കടപുഴകി വീണ് ആശ്രാമം സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ മൈതാനത്തെ രണ്ട് ഇരിപ്പിടങ്ങൾ പൂർണമായി തകരുകയും ചെയ്തു. ഒരു ചെറിയ കാറ്റ് വീശിയാൽ പോലും ഒടിഞ്ഞുവീഴാൻ പാകത്തിനാണ് മരങ്ങളുടെ നിൽപ്പ്.
വെട്ടിമാറ്റാതെ വനംവകുപ്പ്
 മൈതാനത്ത് എത്തുന്നവർക്ക് മാത്രമല്ല, റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ഭീഷണി
 മരങ്ങൾ മുറിച്ചുമാറ്റേണ്ടത് വനംവകുപ്പ്
 മൈതാനത്തെ നടപ്പാതയും മറ്റും ഡി.ടി.പി.സിയുടെ പരിധിയിൽ
 മരം മുറിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് കാട്ടി ഡി.ടി.പി.സി നിരവധി തവണ വനംവകുപ്പിന് കത്ത് നൽകി
 നേരിട്ട് അറിയിച്ചിട്ടും അനുകൂല നടപടിയില്ല
 മുറിച്ചിട്ട മരങ്ങളും മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ
ഉണങ്ങിയ മരങ്ങൾ കാരണം പേടിയോടെയാണ് മൈതാനത്ത് കൂടി നടക്കുന്നത്. അറിഞ്ഞുകൊണ്ട് അപകടം വിളിച്ചുവരുത്താതെ സുരക്ഷ ഉറപ്പാണം.
പ്രദേശവാസികൾ
അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ചോളം കത്ത് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരുന്നു.
ഡി.ടി.പി.സി അധികൃതർ