road

കൊല്ലം: കൊല്ലം - തേനി ദേശീയപാതയിലെ നിരപ്പല്ലാത്ത ടാറിംഗ് അപകട ഭീഷണി ഉയർത്തുന്നു. ഹൈസ്‌കൂൾ ജംഗ്ഷനിൽ കടവൂർ ഭാഗത്തേക്കുള്ള ബസ് ബേയ്‌ക്ക് മുന്നിലാണ് നിരപ്പല്ലാത്ത ടാറിംഗ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്. യഥാർത്ഥ പ്രതലത്തിൽ നിന്ന് ഉയർന്നും താഴ്ന്നുമുള്ള ഒന്നിലേറെ ഞൊറിവുകളാണ് അപകടത്തിലേക്ക് തള്ളിവിടുന്നത്.

വലിയ വാഹനങ്ങളെ ഇത് ബാധിക്കില്ലെങ്കിലും ഭാരം കുറഞ്ഞ ഇരുച്ചക്ര വാഹനങ്ങൾക്ക് ബാലൻസ് തെറ്റും. ഹൈസ്‌കൂൾ ജംഗ‌്ഷനിലെ സിഗ്നൽ വളഞ്ഞ് നേരെയാകുന്ന ഭാഗത്താണ് റോഡ് നിർമ്മാണത്തിലെ അപാകത. ഈ സ്ഥലത്ത് മിക്കപ്പോഴും സ്വകാര്യ ബസുകൾ നിറുത്തുന്നതിനാൽ ടൂ വീലറുകൾ ഈ ഭാഗം ഒഴിച്ചാണ് പോകുന്നത്. എന്നാൽ ബസുകൾ ഇല്ലാത്ത സമയത്താണ് ടൂ വീലറുകൾ പെട്ടെന്ന് തെന്നി ബാലൻസ് തെറ്റി അപകടത്തിൽപ്പെടുന്നത്.

ഹൈസ്കൂൾ ജംഗ്ഷനിലെ സ്കൂളിലേയ്ക്ക് ദിവസവും നൂറ് കണക്കിന് വിദ്യാർത്ഥികളെയാണ് രക്ഷിതാക്കൾ ഇരുചക്ര വാഹനത്തിൽ രാവിലെയും വൈകിട്ടും കൊണ്ടുവരുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അപകട സാദ്ധ്യത ഏറെയാണ്.

വെട്ടിപ്പൊളിച്ച റോഡിൽ അഭ്യാസ ടാറിംഗ്

ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾ വെട്ടിപ്പാെളിക്കുമ്പോൾ റോഡ് പുനഃസ്ഥാപിക്കൽ പ്രവൃത്തികൾ ചെയ്യുന്നതിന് വ്യക്തമായ മാനദണ്ഡം നിലവിലുണ്ട്. എന്നാൽ പലപ്പോഴും പാലിക്കപ്പെടാതിരിക്കുന്നതാണ് ഇത്തരം അപകടങ്ങളിലേയ്ക്ക് റോഡുകളെ മാറ്റുന്നത്. ദേശീയ-സംസ്ഥാന പാതകൾ വെട്ടിപ്പൊളിച്ചാൽ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് തുക ക്വാട്ട് ചെയ്‌ത് പദ്ധതിയുടെ അടങ്കൽ തുകയിൽ ഈ ചെലവ് കൂടി ചേർക്കുകയാണ് പതിവ്. ഗാർഹിക കണക്ഷനുകൾക്കാവുമ്പോൾ ഗുണഭോക്താവ് സ്വന്തം നിലയിലാണ് പുനഃസ്ഥാപിക്കേണ്ടത്. പൈപ്പ് പൊട്ടൽ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പി.ഡബ്ല്യു.ഡിയെ കൊണ്ട് തുക ക്വാട്ട് ചെയ്‌ത് ടെണ്ടർ നടപടികൾക്ക് കാത്തുനിൽക്കാതെ വാട്ടർ അതോറിറ്റി സ്വന്തം നിലയിൽ ടാറിംഗ് നടത്തുകയാണ് ചെയ്യുന്നത്.

കെണിയൊരുക്കി അപകടങ്ങൾ

 വാട്ടർ അതോറിറ്റിയെയാണ് ദേശീയപാത അധികൃതർ കുറ്റപ്പെടുത്തുന്നത്

 പൈപ്പ് പാകുന്നതിന് റോഡ് മുറിച്ചു

 വാട്ടർ അതോറിറ്റി സ്വന്തം നിലയിൽ കുഴിയടച്ചപ്പോൾ ടാറിംഗ് നിരപ്പല്ലാതായി

 ടാറിംഗ് സമയത്ത് ദേശീയപാത അധികൃതരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല

 റോഡിന്റെ നിലവാരം തകർന്ന് പൊങ്ങിയും താഴ്ന്നും കിടക്കുന്നു

 അപകടമുണ്ടാകാത്ത ദിവസങ്ങൾ കുറവ്

ഒരേ റോഡിൽ രണ്ട് തട്ടുകൾ

കുരീപ്പുഴ സ്വീവേജ് പ്ലാന്റിന് റോഡിന്റെ മദ്ധ്യഭാഗം കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. റീ ടാർ ചെയ്‌തപ്പോൾ പൈപ്പിട്ട ഭാഗം മാത്രം പൊങ്ങി. ബാക്കി താഴ്‌ച്ചയിലായി.

5 വർഷം മുമ്പ്

പൊലിഞ്ഞത് 2 ജീവൻ
കൊല്ലം നഗരത്തിലെ റോഡുകളിലെ അന്തരം മൂലം അഞ്ചുവർഷം മുമ്പ് രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. അമ്മച്ചിവീട് ജംഗ്‌ഷന് സമീപം കോളേജ് വിദ്യാർത്ഥിനിയും ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപം അദ്ധ്യാപികയുമാണ് മരിച്ചത്. ഇരുവരും നിലതെറ്റി ബസിനടയിൽപ്പെട്ട് തൽക്ഷണം മരിച്ചു.

ഹൈസ്കൂൾ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥലത്ത് ഉടൻ പരിശോധന നടത്തും. നടപടി സ്വീകരിക്കും.

ദേശീയപാത അധികൃതർ