 
കൊല്ലം: ഹരിത കേരളം മിഷൻ നടപ്പാക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' ക്യാമ്പയിൻ വഴി ജില്ലയിൽ മൂന്നുവർഷം കൊണ്ട് വീണ്ടെടുത്തത് 4409.43 കിലോമീറ്റർ നീർച്ചാലുകൾ. ഹരിതകേരള മിഷന്റെ 2021 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള കണക്കാണിത്.
ജില്ലയിലെ എല്ലാ നീർച്ചാലുകളും മാലിന്യമുക്തമായി സംരക്ഷിക്കുകയാണ് ലക്ഷ്യം. 2019 ഡിസംബർ 8ന് ആരംഭിച്ച ഒന്നാംഘട്ടത്തിൽ ജില്ലയിൽ 292.87 കിലോ മീറ്റർ നീളത്തിലും 2020ൽ രണ്ടാംഘട്ട ത്തിൽ 785.70 കിലോ മീറ്റർ നീളത്തിലും നീർച്ചാലുകൾ ശുചീകരിച്ചിരുന്നു. 2025 മാർച്ച് 21 വരെയാണ് മൂന്നാംഘട്ടം. മൂന്ന് വർഷത്തിനിടെ 4409.43 കിലോ മീറ്റർ നീളത്തിൽ 1905 നീർച്ചാലുകളാണ് ജില്ലയിൽ പുനരുജ്ജീവിപ്പിച്ചത്.
ജനകീയ പ്രവർത്തനത്തിൽ രാഷ്ട്രീയ-യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവുമുണ്ട്.
നീർച്ചാലുകൾക്ക് പുറമേ 444 കുളങ്ങൾ പുതുതായി നിർമ്മിക്കുകയും 192 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇതിന് പുറമേ എട്ട് സ്ഥിരം തടയണകളും 15207 താത്കാലിക തടയണകളും നിർമ്മിച്ചു. സംസ്ഥാനത്ത് 37254.46 കിലോമീറ്റർ നീർച്ചാലുകളാണ് വീണ്ടെടുത്തത്. നീറച്ചാലുകൾ വീണ്ടെടുത്തതിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല.
നീർച്ചാലുകൾ കണ്ടെത്താൻ മാപ്പിംഗ് 
 അടഞ്ഞുപോയതും നശിച്ചതുമായ നീർച്ചാലുകൾ നേരിട്ട് കണ്ടെത്തും
 പ്രത്യേക സോഫ്ട്‌വെയറും മൊബൈൽ ആപ്പും ഉപയോഗിച്ച് മാപ്പിംഗ്
 നിലവിലെ സ്ഥിതി മാപ്പിംഗിൽ രേഖപ്പെടുത്തും
 പുനരുജ്ജീവനത്തിലൂടെ കൂടുതൽ ജലം ഭൂമിയിലേക്കിറങ്ങും
 അധിക ജലം ഒഴുകിവിട്ട് മണ്ണിടിച്ചിൽ സാദ്ധ്യത കുറയ്ക്കും
കിണർ റീച്ചാർജിംഗിൽ വർദ്ധന
മൂന്ന് വർഷത്തിനിടെ ജില്ലയിലെ കിണർ റീച്ചാർജിംഗിൽ വർദ്ധന. വീടിന് മുകളിൽ വീഴുന്ന വെള്ളം ഒഴുക്കി കളയാതെ പൈപ്പ് ഉപയോഗിച്ച് കിണറിന് സമീപം ടാങ്കിൽ അരിപ്പ ഉപയോഗിച്ച് വെള്ളം ശേഖരിക്കും. തുടർന്ന് വെള്ളം ശുദ്ധീകരിച്ച് കിണറ്റിലേക്ക് ഒഴുക്കും.
റീചാർജ് ചെയ്ത കിണറുകൾ
703
പുതുതായി നിർമ്മിച്ചത്
3461
സൗജന്യ പരിശോധന
കിണർ വെള്ളത്തിന്റെ ശുദ്ധത പരിശോധിക്കാൻ ജില്ലയിൽ 11 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കെമിസ്ട്രി ലാബിനോട് ചേർന്നാണ് പരിശോധന. മൂന്ന് വർഷത്തിനിടെ 1390 പരിശോധനകൾ നടത്തി.
പൊതുജനങ്ങൾക്ക് കുടിവെള്ളവുമായി ലാബിലെത്തിയാൽ സൗജന്യമായി ശുദ്ധത പരിശോധിക്കാം.
ഹരിതകേരള മിഷൻ അധികൃതർ