 
കൊല്ലം: കൊല്ലത്ത് ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്ക് ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേയ്ക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി തിരഞ്ഞെടുക്കപ്പെട്ട ഏണസ്റ്റ് ആൻഡ് യംഗിന്റെ മാനേജിംഗ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ, ഫഷറീസ് ഡയറക്ടർ അബ്ദുൾ നാസർ, തീരദേശ വികസന കോർപ്പറേഷൻ എൻജിനിയർ ടി.വി.ബാലകൃഷ്ണൻ, ഏണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് നമൻ മോഗ്ങ എന്നിവർ പങ്കെടുത്തു.
സമുദ്ര ശാസ്ത്ര ഗവേഷണം, ബോധവത്കരണം എന്നിവയ്ക്ക് പുറമേ മത്സ്യ ടൂറിസം രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി അനുവദിച്ചിട്ടുണ്ട്. സമുദ്ര ജൈവ വൈവിദ്ധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപ്പന.
നിർമ്മാണം 42 ആഴ്ചയ്ക്കുള്ളിൽ
 സമുദ്രത്തിന്റെ ജൈവഘടനയും ശാസ്ത്രീയ രഹസ്യങ്ങളും വിശദീകരിക്കുന്ന കേന്ദ്രമാകും ഓഷ്യനേറിയം
 മത്സ്യ പവലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയേറ്റർ, സൊവിനിയർ ഷോപ്പുകൾ, മർട്ടി മീഡിയ തിയേറ്റർ, മറൈൽ ബയോളജിക്കൽ ലാബ്, ഡിസ്പ്ലേ സോൺ, കഫറ്റേറിയ എന്നിവയുമുണ്ടാകും
 സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നടത്തിപ്പിന്റെ നോഡൽ ഏജൻസി
 സ്ഥലത്തിന്റെ അനുയോജ്യത, മാതൃകാ പഠനം, പദ്ധതി രേഖ തയ്യാറാക്കൽ, സ്വകാര്യ സംരംഭകരെ തിരഞ്ഞെടുക്കൽ, പദ്ധതി പൂർത്തീകരണം വരെയുള്ള സാങ്കേതിക സഹായം എന്നിവയാണ് ട്രാൻസാക്ഷൻ അഡ്വൈസർ ഏണസ്റ്റ് ആൻഡ് യംഗിന്റെ ചുമതല
പദ്ധതി തുക ₹ 300 കോടി
സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പായി പദ്ധതി മാറും. ടൂറിസം പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തലും ലക്ഷ്യങ്ങളിലൊന്നാണ്.
കെ.എൻ.ബാലഗോപാൽ
ധനകാര്യ മന്ത്രി