
കൊല്ലം: ചരിത്രകാരനും അദ്ധ്യാപകനുമായ പ്രൊഫ. ജി.രാജു വിട പറഞ്ഞപ്പോൾ ചരിത്രത്തിലെ അപൂർവതകൾ തേടിയുള്ള സഞ്ചാരമാണ് നിലച്ചത്. അധികം ചരിത്ര ഗവേഷകർ കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെയാണ് പ്രൊഫ. ജി.രാജു എന്നും സഞ്ചരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിന് പോയവരെക്കുറിച്ചുള്ള അപൂർവ ഗവേഷണത്തിലായിരുന്നു ഒടുവിൽ അദ്ദേഹം.
പ്രാണനുള്ള ചരിത്ര പുസ്തകമെന്നാണ് പ്രൊഫ. ജി.രാജു അറിയപ്പെട്ടിരുന്നത്. മനുഷ്യപരിണാമവും, അതിജീവനത്തിനായി അവർ സഞ്ചരിച്ച വഴികളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. വിവിധ എസ്.എൻ കോളേജുകളിലെ അദ്ധ്യാപന ജീവിതം അവസാനിച്ച ശേഷമാണ് പ്രൊഫ. ജി.രാജു ചരിത്ര രചയിതാവും ഗവേഷകനുമായി മാറിയത്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. അതുകഴിഞ്ഞ് ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദമെടുത്തു. തൊട്ടുപിന്നാലെ ചേർത്തല എസ്.എൻ കോളേജിൽ അദ്ധ്യാപകനായി. 76 മുതൽ 90 വരെ കൊല്ലം എസ്.എൻ കോളേജിലായിരുന്നു. പിന്നീട് മൂന്ന് വർഷം പുനലൂർ എസ്.എൻ കോളേജിൽ. പിന്നീട് കൊല്ലം എസ്.എൻ കോളേജിൽ മടങ്ങിയെത്തി 2001ൽ വിരമിച്ചു.
99ലെ മലേഷ്യൻ യാത്രയിലാണ് പ്രൊഫ. ജി.രാജുവിന്റെ മനസിൽ ആദ്യ പുസ്തകമായ ഗ്ലിംസസ് ഒഫ് ദി ട്വന്റിയത് സെഞ്ച്വറിയുടെ ബീജം മുളയ്ക്കുന്നത്. 25 ഓളം രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. ഈജിപ്തിലെ മനുഷ്യർ നിർമ്മിച്ച അദ്യ ക്ഷേത്രമാണ് കർണാക്. മുണ്ടയ്ക്കലുള്ള പ്രൊഫ. ജി.രാജുവുന്റെ വസതിയുടെ പേര് കർണാക് എന്നാണ്. ജൂത ചരിത്ര പഠനത്തിനിടയിൽ ഹൃദയത്തിൽ ഉടക്കിയ റാബിൻ എന്ന പേര് മൂത്തമകനിട്ടു. ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ പുരാതന സംസ്കാരമാണ് മിനോൺ. അവിടുത്തെ രാജാവ് അറിയപ്പെട്ടിരുന്നത് മിനോൺ എന്നാണ്. ഈ പേര് രണ്ടാമത്തെ മകനിട്ടു.
പ്രൊഫ. ജി.രാജുവിന്റെ രണ്ടാമത്തെ പുസ്തകം അമ്മയുടെ കുടുംബമായ പാലവിള കുടുംബത്തിന്റെ ചരിത്രമാണ്. ഈഴവരുടെ അഭിജാത വംശ പാരമ്പര്യം; മയ്യനാടിന്റെ കാല്പാടുകൾ എന്ന രണ്ടാമത്തെ പുസ്തകം മയ്യനാടിന്റെയും ഈഴവ സമുദായത്തിന്റെയും അഭിജാത പാരമ്പര്യം വിവരിക്കുന്ന അത്ഭുതഗ്രന്ഥമാണ്. 'കേരളീയരുടെ അടിവേരുകൾ ബുദ്ധമതത്തിന്റെ അടരുകളിലൂടെ' എന്ന കൃതി കേരളത്തിലെ ബുദ്ധമതത്തിന്റെ വ്യാപനവും ഇവിടുത്തെ ജനതയ്ക്ക് അതിലൂടെ ഉണ്ടായ മുന്നേറ്റവും വ്യക്തമാക്കുന്ന അമൂല്യ ഗ്രന്ഥമാണ്.