കൊല്ലം: ദേശീയപാത 744 കടമ്പാട്ടുകോണം ഇടമൺ ഗ്രീൻഫീൽഡ് ഹൈവേ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലും വികസന പ്രവർത്തനങ്ങളും നിശ്ചലാവസ്ഥയിലാണ്. 3ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള ഭൂമിയുടെ ഉടമകൾക്ക് നാളിതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ദേശീയപാത 66ന് ബാധകമാക്കിയ അതേ വ്യവസ്ഥകൾ പ്രകാരം കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് പഴക്കം കണക്കാക്കരുതെന്നുള്ള ധാരണ ലംഘിക്കുകയാണ്. സാൽവേജ് കണക്ക് കൂട്ടുന്നതിലും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. അലൈൻമെന്റ് വ്യത്യാസം മൂലം രണ്ട് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിലച്ചിരിക്കുകയാണെന്നും എം.പി ചൂണ്ടിക്കാട്ടി.