
കൊല്ലം: ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ചവറ കെ.എം.എം.എൽ ഉത്പന്നമായ ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ കെ.രാധാകൃഷ്ണൻ എം.പിയും കെ.എം.എം.എൽ ട്രേഡ് യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ടൈറ്റാനിയം ഡയോക്സൈഡിന്റെ വ്യാപകമായ ഇറക്കുമതി കാരണം ഇന്ത്യൻ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതുമൂലം കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും മന്ത്രിയെ ധരിപ്പിച്ചു. വസ്തുതകൾ പരിശോധിച്ച് വരുന്ന ബഡ്ജറ്റിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കേന്ദ്ര ധനകാര്യ മന്ത്രാലത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ ആന്റണി സിറിയക്കും ചർച്ചയിൽ പങ്കെടുത്തു. വിഷയം അനുകൂലമായി പരിഗണിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ടൈറ്റാനിയം ഡയോക്സൈഡിന് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഏർപ്പെടുത്തുന്ന നടപടികൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധിച്ച് വരികയാണെന്നും മന്ത്രി അറിയിച്ചു. എം.പിമാർക്കൊപ്പം കമ്പനിയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.എസ്.അനീഷ്, ആർ.ശ്രീജിത്ത്, എ.നഹാസ്, ജെ.മനോജ് മോൻ, ജയൻ, ജോം ജോബിറ്റ്, ജി.രതീഷ്, വൈ.സുനിൽ എന്നിവരും പങ്കെടുത്തു.