കൊല്ലം: കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണത്തിന് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വേഗത്തിൽ മാറ്റാവുന്ന ലെഗ് ജാക്ക് അപ്പ് ഡ്രില്ലിംഗ് നടത്താൻ ഓയിൽ ഇന്ത്യ. കൊല്ലം, ആന്ധ്ര, ആൻഡമാൻ എന്നിവിടങ്ങളിൽ ഇന്ധന പര്യവേക്ഷണത്തിന് യു.കെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിംഗുമായി നേരത്തെ ഓയിൽ ഇന്ത്യ കരാറൊപ്പിട്ടിരുന്നു.
എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പര്യവേക്ഷണ റിഗുകളിലൊന്നായ ബ്ലാക്ക്ഫോർഡ് ഡോൾഫിൻ എത്തിച്ചുള്ള ആൻഡമാനിലെ പര്യവേക്ഷണം കൂടുതൽ കാലം നീണ്ടേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് കൊല്ലത്ത് ജാക്ക് അപ്പ് ഡ്രില്ലിംഗ് നടത്താൻ ഓയിൽ ഇന്ത്യ ടെണ്ടർ ക്ഷണിച്ചു.
സമുദ്രത്തിന്റെ അടിത്തട്ടിൽ കാലുകൾ ഉറപ്പിച്ചാണ് ജാക്ക് അപ്പ് ഡ്രില്ലിംഗ് പ്രവർത്തനം. ഈ കാലുകൾ ചലിപ്പിച്ച് റിഗ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ കഴിയും. ആദ്യം ഡ്രിൽ സ്ഥാപിക്കുന്ന സ്ഥലത്ത് ഇന്ധന സാദ്ധ്യതയില്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് ജാക്ക് ഡ്രിൽ ഉപയോഗിച്ച് പര്യവേക്ഷണം നടത്തുന്നത്. ജാക്ക് അപ്പ് ഡ്രില്ലിന് മുകളിലും കോപ്ടറുകൾക്ക് എത്താനുള്ള ഹെലിപാഡ് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. കപ്പലുകളോ ടഗുകളോ ഉപയോഗിച്ചാകും ജാക്ക് അപ്പ് ഡ്രിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുക. നേരത്തെ ആസൂത്രണം ചെയ്തതു പോലെ ആഗസ്റ്റിൽ ഒരുക്കങ്ങൾ തുടങ്ങി ഒക്ടോബറിൽ പര്യവേക്ഷണം ആരംഭിക്കും.
കടലിൽ നാല് കാലിൽ നിൽക്കും
 ബ്ലാക്ക് ഫോർഡ് ഡോൾഫിൻ സബ് മറൈൻ റിഗ്
 വെള്ളത്തിൽ താഴ്ന്നു കിടക്കും
 ജാക്ക് അപ്പ് ഡ്രില്ലിന്റെ പ്ലാറ്റ്ഫോം വെള്ളത്തിന് മുകളിൽ
 ഇന്ത്യൻ കമ്പിനികൾക്ക് കരാറിന് സാദ്ധ്യത
 താരതമ്യേന ചെലവ് കുറവ്
 കരാർ കാലാവധി 7 മാസം
 ഏഴ് മാസം കൂടി നീട്ടാനും സാദ്ധ്യത
പര്യവേക്ഷണം തീരത്ത് നിന്ന്
48 മീറ്റർ അകലെ
കിണർ ആഴം
6000 മീറ്റർ
കൊല്ലം പോർട്ടിലെ ഇന്ധന പര്യവേക്ഷണം സബ് മറൈൻ റിഗിന് പകരം ജാക്ക് അപ്പ് ഡ്രിൽ ഉപയോഗിച്ച് നടത്താൻ ഓയിൽ ഇന്ത്യ തീരുമാനിച്ചെങ്കിലും ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരില്ലെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലം പോർട്ട് അധികൃതർ