bus

കൊല്ലം: കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ് തീപിടിച്ചു. ബസിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ റോഡരികിൽ വാഹനമൊതുക്കി കുട്ടികളെയും ആയയെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറെ കൂടാതെ രണ്ട് വിദ്യാർത്ഥികളും ആയയുമാണ് വാഹനത്തിലുണ്ടായിരുന്നത്.

ഇന്നലെ വൈകിട്ട് 4.38ന് കുണ്ടറ - കൊട്ടിയം റോഡിൽ പാലമുക്കിലായിരുന്നു അപകടം. കുണ്ടറ നാന്തിരിക്കലിലുള്ള സ്വകാര്യ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയർന്നെന്നും സെക്കൻഡുകൾക്കുള്ളിൽ തീ പടർന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

നാട്ടുകാർ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുണ്ടറ, കടപ്പാക്കട എന്നിവിടങ്ങളിൽ നി​ന്ന് നാല് യൂണിറ്റ് ഫയർഫോഴ്സെത്തിയെങ്കിലും അസഹ്യമായ ചൂട് കാരണം ബസിനടുത്തേക്ക് നീങ്ങാനായില്ല. ഒരുമണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്​. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടസ്ഥലത്ത് പെട്രോൾ പമ്പും ട്രാൻസ്ഫോർമറും

ബസ് നിറുത്തിയതിന് പത്ത് മീറ്ററടുത്ത് ട്രാൻസ്‌ഫോർമറും, 100 മീറ്റർ അകലെ പെട്രോൾ പമ്പുമുണ്ട്. സമീപത്ത് ചെടിക്കടയും ഹോട്ടലും വീടുകളുമുണ്ടായിരുന്നു. അതിനിടെ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. സലിമിന്റെ ഉടമസ്ഥതയിലുള്ള ചെടിക്കടയോട് ചേർന്നാണ് ബസ് കിടന്നിരുന്നത്. സലിമാണ് ആദ്യം തീയണയ്ക്കാൻ ശ്രമിച്ചത്. തുടർന്ന് നാട്ടുകാരും ഒപ്പം കൂടി. പെട്രോൾ പമ്പിലെ നാല് ഫയർ എക്സ്റ്റിംഗ്യുഷറും ഉപയോഗിച്ചു.