 
എഴുകോൺ : കരീപ്ര പഞ്ചായത്തിൽ മടന്തകോട് ഏലായിലെ 12 ഏക്കറിൽ കരീപ്ര സർവീസ് സഹകരണ ബാങ്ക് നെൽക്കൃഷി ചെയ്യും. സുഭിക്ഷ കേരളം തരിശുനിലം പദ്ധതിയുടെ ഭാഗമായാണ് ബാങ്ക് കൃഷിയിറക്കിയത്. മടന്തകോട് ഏല സമിതിയുടെയും കരീപ്ര കൃഷി ഭവന്റെയും സഹകരണത്തോടെയാണ് കൃഷി.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഏലായിൽ വിത്തെറിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സന്ധ്യാഭാഗി, അംഗങ്ങളായ വൈ.റോയി, എം.ഐ.റെയ്ച്ചൽ, പി.എസ്.പ്രശോഭ, സന്തോഷ് സാമുവൽ, ബാങ്ക് സെക്രട്ടറി ബി.പ്രിയ, കരീപ്ര കൃഷി ഓഫീസർ വിശ്വജ്യോതി, ദീപ, പരമേശ്വരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ജി.മോഹനൻ സ്വാഗതം പറഞ്ഞു.
അമ്പലത്തുംകാല സെന്റ് ജോർജ് സെൻട്രൽ സ്കൂളിലെ കുട്ടി കർഷകരും വിത്ത് വിതയ്ക്കാനുണ്ടായിരുന്നു. അത്യുൽപ്പാദന ശേഷിയുള്ള വിത്തിനമായ ഉമയാണ് വിതച്ചത്.
കരീപ്രയിൽ കാർഷിക മേഖലയ്ക്ക് ഉണർവാകും
നെൽക്കൃഷി കഠിനമായി വരുന്ന കാലത്ത് മടന്തകോട് ഏലയിൽ കൃഷിയിറക്കാനുള്ള കരീപ്ര സർവീസ് സഹകരണ ബാങ്കിന്റെ ഉദ്യമം കാർഷിക മേഖലയ്ക്ക് ഉണർവേകും. ജില്ലയിൽ തരിശു നിലം കൃഷിക്ക് മാതൃകയായിട്ടുള്ള പഞ്ചായത്താണ് കരീപ്ര .അടുത്ത കാലത്തായി വലിയ പ്രതിസന്ധിയാണ് ഇവിടുത്തെ പ്രധാന പാടശേഖരങ്ങളിൽ.
യന്ത്രവത്കൃത നെൽക്കൃഷിക്ക് കൃഷി വകുപ്പിന്റെ യന്ത്രങ്ങൾ കർഷകർക്ക് യഥാസമയം പ്രയോജനപ്പെടുന്നില്ല. കരീപ്രയിലുള്ള ട്രാക്ടർ നോക്കുകുത്തിയായി ഷെഡിൽ കിടക്കുകയാണ്. വയലിലിറക്കി പണി ചെയ്യാനാകാത്ത വിധം തകരാറിലാണ് പലപ്പോഴും ഇത്. ഇറക്കിയാൽ തിരിച്ച് കരയിൽ കയറ്റാനാകില്ല. കൊയ്ത്ത് സമയത്തും വകുപ്പിന്റെ യന്ത്ര സഹായം കർഷകർക്ക് കിട്ടാറില്ല.സ്വകാര്യ ട്രാക്ടറിന്റെ സഹായത്തോടെയാണ് കരീപ്ര ബാങ്ക് മടന്തകോട് ഏലായിൽ നിലം ഒരുക്കിയത്. കൃഷി വകുപ്പിന്റ യന്ത്രങ്ങൾക്ക് നൽകുന്നതിനേക്കാൾ മണിക്കൂറിന് 300-400 രൂപ അധികം നൽകിയാലേ സ്വകാര്യ ട്രാക്ടറുകൾ ലഭിക്കു. ഇത് കൃഷി ചെലവ് അധികരിക്കാൻ കാരണമാകും.
ജി. ത്യാഗരാജൻ
കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ്