കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഹൗസ് സർജൻ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി സന്ദീപിന്റെ ജാമ്യഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ സാക്ഷി വിസ്താരത്തിന് തയ്യാറാണെന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു.

നേരത്തെ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നിർദ്ദേശാനുസരണം നടന്ന പ്രതിയുടെ മാനസിക നില പരിശോധനയിൽ വിചാരണ നേരിടാൻ ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയതോടെ ജാമ്യാപേക്ഷ തള്ളി. ഇതോടെയാണ് സാക്ഷിവിസ്താരത്തിന് കേസ് ലിസ്റ്റ് ചെയ്യണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ വിചാരണ നടക്കുന്ന കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ ആവശ്യപ്പെട്ടത്.

കേസ് വിചാരണയ്ക്ക് ഷെഡ്യൂൾ ചെയ്യാൻ 30 ലേക്ക് മാറ്റി. അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.