കൊല്ലം: ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന കേസിലെ പ്രധാന തൊണ്ടിയായ യഥാർത്ഥ കത്തി മാറ്റി പകരം വ്യാജ തൊണ്ടി കോടതിയിൽ ഹാജരാക്കിയെന്ന അഞ്ചാലുംമൂട് പൊലീസിനെതിരായ ഹർജിയിൽ വിശദ അന്വേഷണം നടത്തി ആവശ്യമെങ്കിൽ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പെരിനാട് മുരുന്തൽ മംഗലത്ത് ഹൗസിൽ മനോജ് കുമാറിന്റെ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി.

2022 സെപ്തംബർ 20ന് വീട്ടമ്മയും മകനും ചേർന്ന് മനോജ്കുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ വേളയിൽ അഞ്ചാലുംമൂട് പൊലീസ് കൃത്യത്തിന് ഉപയോഗിച്ച കത്തിക്ക് പകരം മറ്റൊരു കത്തി കോടതിയിൽ ഹാജരാക്കിയെന്നായിരുന്നു ഹർജി. കേസിന്റെ വിചാരണ നടക്കവേ ജൂലായിൽ അഞ്ചാലുംമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വിളിച്ച് യഥാർത്ഥ കത്തി കാണാനില്ലെന്നും മറ്റൊരു കത്തി നൽകണമെന്നും മനോജ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ശബ്ദരേഖ തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.